മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയും നിർമാതാവുമാണ് ഷീലു എബ്രഹാം. കഴിഞ്ഞ ജൂലായിൽ തീയേറ്ററുകളിലെത്തിയ അനൂപ് മേനോൻ ചിത്രമായ രവീന്ദ്രാ നീ എവിടെയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയിരുന്നുവെങ്കിൽ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ താനും ഉണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും ഷീലു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എനിക്ക് 16 വയസുളളപ്പോൾ ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ മാഗസീനിൽ എന്റെ മുഖചിത്രം വന്നിരുന്നു. പല സ്ഥലങ്ങളിൽ നിന്നും എന്നെ അഭിനന്ദിച്ച് ഒരുപാട് കത്തുകളും വന്നു. അതൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു. അതിനുപിന്നാലെ തന്നെ അഭിനയിക്കാൻ അവസരവും ലഭിച്ചിരുന്നു. എനിക്കതിന് കഴിഞ്ഞില്ല. എനിക്കുപകരം അന്ന് ആ സിനിമകളിൽ അഭിനയിച്ചവരെല്ലാം ഇന്ന് വലിയ നടിമാരാണ്. അന്നുവന്ന കഥാപാത്രങ്ങൾ ചെയ്തിരുന്നുവെങ്കിൽ ഞാൻ വലിയൊരു നടിയാകുമായിരുന്നു. ഇക്കാര്യം വേറെയെവിടെയും പറഞ്ഞിട്ടില്ല.
അന്ന് കൂടുതലും കത്തുകളിലൂടെയാണ് അഭിനയിക്കാനുളള അവസരങ്ങൾ ലഭിച്ചിരുന്നത്. സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നുംവരെ അവസരം ലഭിച്ചു. അത്തരത്തിൽ ലഭിച്ച എല്ലാ കത്തുകളും ഞാൻ ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ചിരുന്നു. വീടുമാറിയപ്പോൾ എന്റെ അച്ഛൻ ആ കത്തുകൾ കത്തിച്ചുകളയുകയായിരുന്നു. മഞ്ജു വാര്യരും നവ്യാനായരും മുഖചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്നവരാണ്.
കുറേനാളായി ഒരാൾ സോഷ്യൽ മീഡിയയിലൂടെ എനിക്കെതിരെ മോശം കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഒരു സൂപ്പർസ്റ്റാറിനെ നായകനാക്കി വലിയൊരു സിനിമ നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. നായികയ്ക്ക് അധികം പ്രാധാന്യമില്ലായിരുന്നു. തമിഴിൽ നിന്നൊരു പ്രമുഖ നടനെയും കാസ്റ്റ് ചെയ്തിരുന്നു. ബഡ്ജറ്റിന്റെ പ്രശ്നം വന്നതോടെ ആ സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സൂപ്പർസ്റ്റാറുമൊത്ത് പ്രണയരംഗങ്ങളടങ്ങിയ ഗാനം വേണമെന്ന് ഞാൻ വാശിപിടിച്ചതുകൊണ്ടാണ് സിനിമ പാതിവഴിയിൽ വച്ച് നിന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വാദങ്ങൾ. ഇക്കാര്യങ്ങൾ സംവിധായകനോടും പറഞ്ഞു. പിന്നീടാണ് ആ നടന്റെ ഫാനാണ് എന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചതെന്ന് കണ്ടെത്തിയത്'- ഷീലു എബ്രഹാം പറഞ്ഞു.