കളരിപ്പയറ്റ് പരിശീലനം നടത്തുകയാണെന്ന് നടി ഇഷ തൽവാർ. പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കൻമാർക്കൊപ്പം നിൽക്കുന്നതിന്റെയും ചിത്രങ്ങൾ ഇഷ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. തൃശൂർ ചാവക്കാട് ശ്രീനാരായണഗുരു സ്‌മാരക വല്ലഭട്ട കളരി സംഘത്തിലാണ് ഇഷ തൽവാർ കളരി പരിശീലിക്കുന്നത്.
''വല്ലഭട്ട കളരിയിൽ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാര അനുഷ്ഠാനങ്ങൾ നിലനിറുത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകർന്നു നൽകുകയും ചെയ്യുന്ന പദ്‌മശ്രീ ഗുരുജി ശങ്കരനാരായണ മേനോന് നന്ദി! ക്ഷമയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ്‌ജി എന്നിവർക്കും നന്ദി." ഇഷയുടെ വാക്കുകൾ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തട്ടത്തിൻ മറയത്ത്" സിനിമയിൽ നിവിൻപോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച മുംബയ് സ്വദേശിനിയാണ് ഇഷ തൽവാർ.മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിനീത് ശ്രീനിവാസൻ നായകനായ ഒരു ജാതി ജാതകം ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.