ഇസ്ലാമാബാദ്: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ ഷുഹൈബ് മാലിക് മൂന്നാമതും വിവാഹമോചിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നടി സന ജാവേദാണ് ഷുഹൈബിന്റെ മൂന്നാം ഭാര്യ. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉയരാൻ കാരണം. അടുത്തിടെ ഇരുവരും ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു.
അടുത്തടുത്തായിരുന്നു ഇരുന്നതെങ്കിലും ഇവരുടെ മുഖഭാവങ്ങളും മറ്റുമാണ് ഡിവോഴ്സ് റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയത്. ഇരുത്തത്തിൽപ്പോലും ഇരുവരും തമ്മിൽ അകലം പാലിച്ചിരുന്നു. പരസ്പരം സംസാരിച്ചില്ല. ഷുഹൈബ് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുമ്പോൾ സന എതിർദിശയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഭർത്താവിന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. ഇതോടെയാണ് ഇരുവരും വേർപിരിയാൻ പോകുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായത്.
എന്നാൽ ഇത് ദമ്പതികൾക്കിടയിലുള്ള ചെറിയ സൗന്ദര്യ പ്രശ്നമാകാമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. വിഷയത്തെക്കുറിച്ച് ഷുഹൈബോ സനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈദരാബാദിൽ നിന്നുള്ള അയേഷ സിദ്ദിഖിയാണ് ഷുഹൈബിന്റെ ആദ്യ ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരായത്. 2010ൽ വിവാഹമോചനം നേടി.
2010ലാണ് സാനിയ മിർസയും ഷുഹൈബും വിവാഹിതരായത്. 2018ൽ ദമ്പതികൾക്ക് മകൻ പിറന്നു. 2023ൽ ഇരുവരും വേർപിരിഞ്ഞു. ഷുഹൈബിന്റെ അവിഹിത ബന്ധങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 2024 ജനുവരിയിലാണ് സാനിയയുടെ കുടുംബം ഇക്കാര്യം പുറത്തുവിട്ടത്. അതേവർഷം തന്നെ ഷുഹൈബും സനയും വിവാഹിതരായി.