ഗുവാഹത്തി: പ്രശസ്‌ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും സുബിന്റെ ബാന്റംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി ആരോപിച്ചു. ഗായകന്റെ മരണം സ്‌കൂബ ഡൈവിങ്ങിനിടെ അല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം. സുബിൻ ഗാർഗിന്റെ മാനേജർ സിദ്ദാർത്ഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വിഷബാധയും ചികിത്സ നൽകുന്നതിലെ അലംഭാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കൃത്യത്തിനായി വിദേശരാജ്യം തിരഞ്ഞെടുത്തത് കൊലപാതകം അപകടമരണമായി വരുത്തി തീർക്കാനാണെന്നാണ് ഗോസ്വാമി പറഞ്ഞത്.
സെപ്തംബർ 19 നാണ് സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസ തടസ്സം മൂലം ഗായകൻ സുബിൻ ഗാർഗ് മരണപ്പെട്ടതായി വാർത്ത വന്നത്. നോർത്ത്ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരിൽ എത്തിയതായിരുന്നു സുബിൻ. അന്ന് വൈകുന്നേരം കടലിൽ നീന്തവെയാണ് അപകടം സംഭവിച്ചത്. മുങ്ങിമരണമെന്നാണ് സുബിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും അത് നിഷേധിച്ചുകൊണ്ടാണ് ഗോസ്വാമി രംഗത്തെത്തുന്നത്. ഒരു നീന്തൽ വിദഗ്‌ദ്ധനായ സുബിൻ മുങ്ങിമരിക്കാനായ സാദ്ധ്യതയില്ലെന്നാണ് ഗോസ്വാമി തറപ്പിച്ചുപറയുന്നത്.
ഗോസ്വാമിയും സുബിനൊപ്പം കടലിൽ നീന്തുന്നുണ്ടായിരുന്നു. എന്നാൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മാനേജർ സിദ്ദാർത്ഥ് ശർമ്മയുടെ പെരുമാറ്റം പല അവസരങ്ങളിലും അസ്വാഭാവികത നിറഞ്ഞതായിരുന്നെന്നും ഗോസ്വാമി പറയുന്നു. സിദ്ദാർത്ഥായിരുന്നു യാട്ട് നിയന്ത്രിച്ചിരുന്നതെന്നും നീന്തുന്നതിനിടെ സുബിൻ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിന് പകരം ജബോ ദേ, ജബോ ദേ (അയാളെ പോകാൻ അനുവദിക്കു) എന്നാണ് സിദ്ദാർത്ഥ് ശർമ്മ വിളിച്ചു പറഞ്ഞിരുന്നതെന്നും ഗോസ്വാമി പറയുന്നു. കൂടാതെ സുബിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും നുര വന്നപ്പോൾ അത് ആസിഡ് റിഫ്ളക്സ് ആണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് അടിയന്തര വൈദ്യ സഹായം നൽകുന്നതിന് പോലും തടസ്സം സൃഷ്ടിച്ചെന്ന് ഗോസ്വാമി ആരോപിക്കുന്നു.
സുബിന് പാനീയങ്ങൾ നൽകുന്ന ചുമതല സിദ്ദാർത്ഥ് ശർമ്മ സ്വയം ഏറ്റെടുത്തിരുന്നതായും മറ്റുള്ളവരെ അതിൽ നിന്ന് വിലക്കിയിരുന്നതായും ഗോസ്വാമി പൊലീസിന് വിവരം നൽകി. കൂടാതെ സുബിനായി സജ്ജീകരിച്ച മദ്യം, സ്ത്രീകൾ എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മാനേജർ നൽകിയില്ലെന്നും ഗോസ്വാമി ആരോപിക്കുന്നു. ഇതിനെല്ലാം പുറമെ യാട്ടിൽ നടന്ന കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന് അയാൾ നിർദ്ദേശം നൽകിയതായും ഗോസ്വാമി പൊലീസിൽ മൊഴി നൽകി.
മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമി, ഗായിക അമൃത്പ്രവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ റിമാൻഡ് റിപ്പോർട്ടിൽ ഗോസ്വാമിയുടെ വെളിപ്പെടുത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.നിലവിൽ സിദ്ദാർത്ഥ് ശർമ്മ, ശ്യാകാനു മഹന്ത എന്നിവർക്കെതിരെ ഗൂഢാലോചന, മനപൂർവ്വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പല ഭാഗത്തു നിന്നും ഉയർന്ന സമ്മർദ്ദത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തിൽ സുബിന്റെ മൃതദേഹം രണ്ടാം തവണയും പോസ്‌റ്റ്‌മോർട്ടം നടത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് സുബിന്റെ ഭാര്യ ഗരിമയും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം ആണ് പൊലീസ് നടത്തുന്നത്.