തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കുന്നു. ദേവസ്വം വിജിലൻസ് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് ഉണ്ണിക്കൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
ഉണ്ണികൃഷ്ണനെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ സാദ്ധ്യതയില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.
സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണൻ നിഷേധിച്ചിരുന്നു. ശ്രീകോവിലിന് പുതിയ വാതിൽ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് നിർമാണം ഏറ്റെടുത്തതെന്നും സ്‌പോൺസർ വ്യക്തമാക്കിയിരുന്നു.
ബംഗളൂരു സ്വദേശിയായ ഗോവർദ്ധൻ ആണ് എല്ലാ ചെലവും ഏറ്റെടുത്തത്. മറ്റാരുടെയും സ്വർണമോ പണമോ അതിനായി ഉപയോഗിച്ചിട്ടില്ല. വാതിൽ പാളി നിർമ്മിച്ചതിനുശേഷം ചെന്നൈയിൽ തന്നെ ഒരു ദിവസം പൂജ നടത്തി. പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് ആയിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.
അതേസമയം, കൃത്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സ്വർണം ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ശബരിമല സ്വർണപ്പാളി വിവാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പ്രതികരിച്ചത്. 40 വർഷത്തെ വാറണ്ടി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലായതിനാൽ മാത്രമാണ് അദ്ദേഹത്തെ അവിടെ വിളിച്ച് വരുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.