അവകാശികളില്ലാത്ത ആസ്തികൾ കൈമാറാൻ പ്രചാരണം തുടങ്ങി
കൊച്ചി: ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാത്ത 1.85 ലക്ഷം കോടി രൂപയുടെ ധനകാര്യ ആസ്തികൾ ഉടമകളെ കണ്ടെത്തി കൈമാറാൻ ലക്ഷ്യമിടുന്ന പ്രചാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. ഓഹരികൾ, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ് പോളിസികൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയ ധനകാര്യ ആസ്തികളിലാണ് അവകാശികൾ ആരെന്നറിയാതെ ഇത്രയേറെ പണം കിടക്കുന്നത്.
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന പേരിൽ മൂന്ന് മാസം നീളുന്ന ദേശീയ പ്രചാരണത്തിലൂടെ അവകാശികളെ കണ്ടെത്തി തുക പൂർണമായും കൈമാറാനാണ് ലക്ഷ്യമെന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിർമ്മല സീതാരാമൻ പറഞ്ഞു. പണത്തിന്റെ അവകാശികളെ കണ്ടെത്താനുള്ള പദ്ധതിയിൽ അവബോധം, ഉൾപ്പെടുത്തൽ, നടപടി എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് ധനമന്ത്രി പറഞ്ഞു. കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം യഥാർത്ഥ ഉടമയിലേക്കോ അവരുടെ കുടുംബത്തിലേക്കോ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു.
പ്രചാരണത്തിന്റെ ലക്ഷ്യം
വിവിധ കാരണങ്ങളാൽ ബാങ്കുകളിലും റിസർവ് ബാങ്കിലും നിക്ഷേപ വിദ്യാഭ്യാസ, സുരക്ഷിത ഫണ്ടുകളിലും അവകാശികളില്ലാതെ കിടക്കുന്ന പണം കൈമാറുന്നതിന് മാർഗ നിർദേശം നൽകാനാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പണം ലഭിക്കാൻ ആവശ്യമായ നടപടി ക്രമങ്ങളും ഹാജരാക്കേണ്ട രേഖകളെയും കുറിച്ച് പദ്ധതിയിലൂടെ അവബോധം നൽകും. എത്രകാലം കഴിഞ്ഞാലും ഉപഭോക്താവിന്റെ പണം സുരക്ഷിതമായിരിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ബാങ്കുകളിൽ അവകാശികളില്ലാതെ 67,000 കോടി രൂപ
രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത 67,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിൽ 29 ശതമാനം എസ്.ബി.ഐയിലാണ്. പത്ത് വർഷമായി ഉപയോഗിക്കാത്ത സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിലെ പണവും കാലാവധി കഴിഞ്ഞ് പത്ത് വർഷമായിട്ടും അവകാശികളെത്താത്ത ടേം നിക്ഷേപങ്ങളുമാണ് അൺക്ളെയിംഡ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
പ്രധാന ആസ്തികൾ
ഇൻഷ്വറൻസ് പോളിസികൾ, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി ലാഭവിഹിതം, ഓഹരികൾ, പെൻഷൻ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയിലാണ് അവകാശികളില്ലാതെ ഏറെ പണം കിടക്കുന്നത്