mohanlal

തിരുവനന്തപുരം: ഡൽഹിയിൽ വച്ച് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വെെകാരിക ഭാരത്തോടെയാണ് ഞാൻ തിരുവനന്തപുരത്ത് നിൽക്കുന്നതെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്താണ് താൻ ജനിച്ച് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മോഹൻലാലിന് മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സർക്കാരിനുവേണ്ടി കവി പ്രഭാ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു.

'എനിക്ക് ഈ സ്വീകരണം നൽകുന്നത് എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തെരഞ്ഞെടുത്ത സർക്കാരുമാണ്. ഈ കാരണങ്ങൾ കൊണ്ട് ഞാൻ അനുഭവിക്കുന്ന വെെകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജ്ജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല. ഡൽഹിയിൽ വെച്ച് അതിവിഷ്ടമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരികഭാരത്തോടെയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ജീവിതത്തിന്റെ സങ്കീർണതകൾ ഒന്നുമറിയാതെ എന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം ജീവിച്ച ഇടമാണ് ഈ മണ്ണ്. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത കാലത്ത് ഈ നഗരത്തിൽ വച്ച് ഒരു സിനിമയെടുക്കാൻ ഞങ്ങളുടെ ചില സുഹൃത്തുക്കൾ തിരുമാനിക്കുന്നു. അതിനായി മദ്രാസ് എന്ന നഗരത്തിലേക്ക് ഞങ്ങളെത്തി. ഞാൻ ആഗ്രഹിക്കാതെ തന്നെ എന്റെ സുഹൃത്തുക്കൾ എന്റെ ചിത്രമെടുത്ത് എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു.

അങ്ങനെ ഞാൻ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വർഷങ്ങൾ, ഇങ്ങോട്ട് വരുന്നതിന് തൊട്ടുമുൻപും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. വിധി എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഓർത്ത് വിസ്മയ്ക്കുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ 'ലാലേട്ടാ' എന്ന വിളി കേൾക്കും. മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കെെപിടിക്കും. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല. എനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണ് എന്ന് ഞാൻ കരുതുന്നു. ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങൾ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ് '- മോഹൻലാൽ പറഞ്ഞു.