ടെൽ അവീവ്: യു.എസ് ആവിഷ്കരിച്ച ഗാസ സമാധാന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ച പിന്നാലെ, മുഴുവൻ ഇസ്രയേലി ബന്ദികളുടെയും മോചനത്തിനും വെടിനിറുത്തലിനും വഴിയൊരുങ്ങുന്നു. സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാൻ തയ്യാറാണെന്ന് ഇസ്രയേൽ അറിയിച്ചു. വിശദാംശങ്ങൾ നാളെ ഈജിപ്റ്റിൽ തുടങ്ങുന്ന മദ്ധ്യസ്ഥ ചർച്ചയിൽ തീരുമാനിക്കും.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം മുഴുവൻ ബന്ദികളെ മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറ്റം ചെയ്യാൻ തയ്യാറാണെന്നും ഇന്നലെ പുലർച്ചെ ഹമാസ് അറിയിച്ചിരുന്നു. ഇസ്രയേൽ ധാരണയിലെത്തിയാൽ ഹമാസ് 72 മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കണം. 20 നിർദ്ദേശങ്ങളാണ് ട്രംപിന്റെ പദ്ധതിയിൽ. മറ്റ് നിർദ്ദേശങ്ങളിൽ ചർച്ചയ്ക്ക് ശേഷം പരിഹാരം കാണാമെന്നാണ് ഹമാസിന്റെ നിലപാട്.
ഇസ്രയേൽ ഗാസയിൽ താത്കാലികമായി ആക്രമണം നിറുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഹമാസിനെതിരെ പ്രതിരോധ ദൗത്യങ്ങൾ തുടരുന്നുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. ഇന്നലെ ഗാസയിൽ 55 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു.
48 ബന്ദികളാണ് ഗാസയിലുള്ളത്. ഏകദേശം 20 പേർ മാത്രമേ ജീവനോടെയുള്ളൂ. ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ ഇസ്രയേലി ജയിലിലുള്ള രണ്ടായിരത്തോളം പാലസ്തീനികളെയും വിട്ടയക്കും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3ന് മുമ്പ് പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു.
# അവ്യക്ത നീക്കണം
പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ പദ്ധതിയിലെ ഏതൊക്കെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആദ്യ ഘട്ടം എന്ന് വ്യക്തമല്ല. നിലവിൽ ഗാസയുടെ 80 % ഇസ്രയേൽ നിയന്ത്രണത്തിലാണ്. ഇത് 55 % ആയി കുറയ്ക്കുമെന്ന് കരുതുന്നു. നിശ്ചിത ഇടങ്ങളിൽ നിന്ന് സൈന്യം പിന്മാറും.
# ഒഴിയാതെ ആശങ്ക
1. ആയുധം വച്ച് കീഴടങ്ങാൻ ഹമാസ് സമ്മതിച്ചിട്ടില്ല
2. ഗാസയുടെ ഭരണത്തിൽ പങ്കാളിയാകരുത് എന്ന നിർദ്ദേശത്തോടും ഹമാസ് പ്രതികരിച്ചിട്ടില്ല
3. ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം എന്ന്, എപ്രകാരമെന്നതിൽ വ്യക്തതയില്ല
4. ബന്ദികളെ വിട്ടയച്ചാൽ ഇസ്രയേൽ യുദ്ധം പുനരാരംഭിക്കുമോ എന്ന് പാലസ്തീനികൾക്ക് ആശങ്ക
# സമാധാനശ്രമങ്ങൾക്ക് പിന്തുണയെന്ന് മോദി
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രയേലികളുടെ മോചനം ഉടനുണ്ടാകുമെന്ന സൂചനകൾ സുപ്രധാന ചുവടുവയ്‌പ്പാണ്. സമാധാനശ്രമങ്ങൾ പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇതിനായുള്ള നേതൃത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.