jayaram

ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനാവുന്ന കാന്താര: എ ലെജൻഡ് ചാപ്ടർ 1. ഇന്ത്യയിൽ നിന്ന് മാത്രം റിലീസ് ദിവസം 8800 പ്രദർശനങ്ങളിൽ നിന്നായി ഋഷഭ് ഷെട്ടിയുടെ കാന്താര: എ ലെജൻഡ് ചാപ്ടർ 1 വാരിക്കൂട്ടിയത് 60 കോടി രൂപ നെറ്റ് കളക്ഷനാണ്.

രുക്മിണി വസന്ത് ആണ് നായിക. ജയറാം, ഗുൽഷൻ ദേവയ്യ, കിഷോർ, രാകേഷ് പൂജാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം. അജനീഷ് ലോക്‌നാഥ് സംഗീതം ഒരുക്കിയത്.

ചിത്രം രണ്ടുദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിൽ ജയറാമിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആശകൾ ആയിരം എന്ന ചിത്രത്തിന്റെ സെറ്റിൽ കാന്താരയുടെ വിജയം ജയറാം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടിട്ട് മമ്മൂട്ടി അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നുവെന്ന് പറയുകയാണ് ജയറാം. ഒരു മലയാളം ഓൺലെെൻ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഒരുപാട് സന്തോഷം. ഒരു മിനിറ്റ് മുൻപ് ഫോൺ നോക്കിയപ്പോഴാണ് ഞാൻ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നു. കാന്താരയിൽ എക്‌സലന്റ് ആയിരുന്നുവെന്നും മമ്മൂക്ക പറഞ്ഞു. ഇതൊരു ബെഞ്ച്മാർക്കാണ്. കെജിഎഫ് എന്നൊക്കെ പറയുന്നതുപോലെ 1000 കോടി സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനം. ഋഷഭ് ഷെട്ടിയാണ് എന്നെ ആദ്യം വിളിച്ചത്. നിങ്ങളുടെ വലിയ ഫാനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അദ്ദേഹം തിരിച്ചുപറഞ്ഞതാണ് എന്നെ ഞെട്ടിച്ചത്.

മലയാള സിനിമ കണ്ടാണ് തന്റെ വളർച്ചയെന്നും ഒരുപാട് കാലം കാസർകോട് അതിർത്തികളിൽ താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമകളാണ് അധികം കണ്ടിട്ടുള്ളത്. അന്നത്തെ കാലത്ത് മമ്മൂട്ടി, മോഹൻലാൽ, ജയറാം സിനിമകളാണ് ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം എന്റെ ഫാനാണെന്ന് ഇങ്ങോട്ട് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി. പിന്നാലെ ഞാൻ പോയി കഥ കേട്ടു. കഥ കേട്ടശേഷം ത്രില്ലടിച്ച് ആദ്യം വിളിക്കുന്നത് എന്റെ ഭാര്യയെയാണ്'- ജയറാം വ്യക്തമാക്കി.