make-up

വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുത്ത ശേഷം തിരികെ വീട്ടിലെത്തിക്കഴിഞ്ഞാൽ നേരെ കട്ടിലിലേക്ക് ചായുന്നതാണ് പലരുടെയും പതിവ്. നല്ല ക്ഷീണത്തിലാണെങ്കിൽ മടി കാരണം മേക്കപ്പ് മാറ്രാതെ തന്നെ ഉറങ്ങാൻ കിടക്കും. മറ്റു ചിലരാണെങ്കിൽ വെറുതെ കൗതുകത്തിന് മേക്കപ്പ് ഇട്ട ശേഷം അങ്ങനെ തന്നെ കിടന്നുറങ്ങും. എന്തുതന്നെ ആയാലും ഈ ശീലങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കും. ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് ഉറങ്ങുമ്പോഴും വ്യായാമ വേളയിലും മേക്കപ്പ് ഒഴിവാക്കിയില്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നു, മുഖക്കുരുവിന് കാരണമാകുന്നു

മേക്കപ്പ് ഇട്ട് ഉറങ്ങുമ്പോൾ ഫൗണ്ടേഷൻ, കൺസീലർ, പൗഡറുകൾ എന്നിവ ചർമ്മത്തിൽ അവശേഷിക്കുന്നു. ഇവ വിയർപ്പിനോടൊപ്പം മൃതചർമ്മ കോശങ്ങളുമായി കലർന്ന് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നു. ഇതോടെ ഇവിടെ ബാക്ടീരിയകൾ പെരുകാൻ ഇടവരുത്തുന്നു. കാലക്രമേണ, ഇത് മുഖക്കുരു, കറുത്ത പാടുകൾ, മങ്ങിയ ചർമ്മം എന്നിവയ്ക്ക് കാരണമാകും.

കണ്ണിന് അസ്വസ്ഥത, അണുബാധ സാധ്യത

മസ്കാര, ഐലൈനർ തുടങ്ങിയവ കഴുകികളയാതെ രാത്രി മുഴുവൻ കണ്ണിൽ അവശേഷിപ്പിക്കുമ്പോൾ കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുലമായ ചർമ്മത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ രോമകൂപങ്ങളെയും വിയർപ്പ് ഗ്രന്ഥികളെയും തടസ്സപ്പെടുത്തുകയും സ്റ്റൈസ്, കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം അണുബാധകൾ പിടിപെട്ടാൽ കൺപോളകൾ ചുമന്ന് തടിക്കുകയും അസഹ്യമായ വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ കൺപീലികൾ പൊട്ടിപോകുന്നതിനും കൊഴിഞ്ഞു പോകുന്നതിനും ഇത്തരം ശീലങ്ങൾ കാരണമാകും. ഈ പ്രശ്നങ്ങൾ തടയാൻ ഉറങ്ങുന്നതിനുമുമ്പ് കണ്ണിൽ ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകൾ ഒഴിവാക്കേണ്ടെത് അത്യാവശ്യമാണ്.

മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചുളിവുകൾക്ക് കാരണമാകുന്നു

ഉറങ്ങുന്ന വേളകളിൽ ചർമ്മം പുനരുജ്ജീവിപ്പിക്കപ്പെടുന്നു. എന്നാൽ മേക്കപ്പ് ധരിച്ച് ഉറങ്ങുമ്പോൾ മാലിന്യങ്ങൾ പുറത്തുവിടാൻ കഴിയാതെ ചർമ്മത്തിന്റെ ശ്വസന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ വളരെപെട്ടെന്ന് മുറിവുകളും രോഗങ്ങളും സംഭവിക്കുന്ന വിധത്തിൽ ചർമ്മത്തിനെ സെൻസിറ്റീവ് ആക്കുന്നതിനും ഇത് കാരണമാകുന്നു.

വ്യായാമത്തിന് മുൻപ് ചർമ്മം നന്നായി വൃത്തിയാക്കുന്നത് ചർമ്മരോഗങ്ങളെ തടുക്കുന്നു

മേക്കപ്പിടുമ്പോൾ മുഖത്തെ സുഷിരങ്ങൾ അടയുന്നതിനാൽ വ്യായാമസമയത്തുണ്ടാകുന്ന വിയർപ്പിന് പുറത്ത് കടക്കാൻ കഴിയാതെ വരുന്നു. അത് വലിയ രീതിയിൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ് ഉപയോഗിക്കരുതെന്ന് ഡെർമറ്റോളജിസ്റ്റുകളും ഉപദേശിക്കുന്നു, കാരണം ഇത് ചർമ്മത്തിന്റെ ശ്വസിക്കാനുള്ള കഴിവിനെയും വിയർപ്പും വിഷവസ്തുക്കളും പുറംതള്ളാൻ ഉള്ള കഴിവിനെയും ബാധിക്കുന്നു. ഇങ്ങനെയുള്ളപ്പോൾ മേക്കപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പൂർണ്ണ കവറേജ് ഫൗണ്ടേഷനുകൾക്ക് പകരം നോൺ-കോമഡോജെനിക് ഉൽപ്പന്നങ്ങൾ ടിന്റഡ് മോയ്‌സ്ചറൈസറുകൾ അല്ലെങ്കിൽ ബേബി ക്രീമുകൾ എന്നിവ ഉപയോഗിക്കാം.

നല്ല ചർമ്മസംരക്ഷണ ശീലങ്ങൾ

ചർമ്മപ്രശ്നങ്ങൾ തടയുന്നതിന് വ്യായാമത്തിന് മുൻപ് ചർമ്മം നന്നായി വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പഠനം ഊന്നിപ്പറയുന്നു. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യുന്ന ചർമ്മസംരക്ഷണ രീതികൾ പിൻതുടരണമെന്നും പഠനം അടിവരയിടുന്നു.