f

കറാച്ചി: അമേരിക്കൻ കമ്പനികളെ അറബിക്കടലിന്റെ തീരത്ത് തുറമുഖം നിർമ്മിച്ച് നിയന്ത്രിക്കാൻ അനുവദിക്കാമെന്ന ഓഫറുമായി പാകിസ്ഥാൻ യു.എസിനെ സമീപിച്ചെന്ന് റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും അടുത്തിടെ വൈറ്റ് ഹൗസിൽ വച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ മുനീറിന്റെ ഉപദേഷ്ടാക്കൾ തുറമുഖ പദ്ധതി യു.എസിന് കൈമാറിയെന്ന് വിദേശ മാദ്ധ്യമം പറയുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വദർ ജില്ലയിലുള്ള പസ്‌നി പട്ടണത്തിലാണത്രെ തുറമുഖത്തിന് ആലോചന. തുറമുഖം വഴി രാജ്യത്തെ അപൂർവ്വ ധാതുശേഖരം യു.എസിന് തുറന്നു കൊടുക്കാനാണ് പാകിസ്ഥാന്റെ നീക്കമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ട്രംപ് സർക്കാർ പദ്ധതി ചർച്ചയ്ക്കെടുത്തിട്ടില്ലെന്നും പറയുന്നു. പാകിസ്ഥാനോ യു.എസോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക് സർക്കാരിനെതിരെ വിമത പോരാട്ടം തുടരുന്ന ഇടമാണ് ബലൂചിസ്ഥാൻ. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവിശ്യയിലെ ധാതുക്കൾ അടക്കം വിഭവങ്ങൾ പാക് സർക്കാർ കൊള്ളയടിക്കുന്നെന്ന് ബലൂച് വിമതർ ആരോപിക്കുന്നു.