d

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കളിയവസാനിക്കാൻ രണ്ടര ദിവസം കൂടി ബാക്കി നിൽക്കെ കൂറ്റൻ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നിംഗ്‌സിനും 140 റൺസിനുമാണ് ഇന്ത്യ അഹമ്മദാബാദിൽ വിജയം കുറിച്ചത്. ജയത്തോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

അഹമ്മദാബാദിൽ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യ ഉയർത്തിയ 286 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനെതിരെ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ പൊരുതിയവിൻഡീസ് രണ്ടാം ഇന്നിംഗ്‌സിൽ 146 റൺസിന് ഓൾഔട്ടാവുകയായിരുന്നു,

സ്‌കോർ: ഇന്ത്യ 448/5 ഡിക്ലയേർഡ്, വെസ്റ്റിൻഡീസ് 162/10,146/10.

മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ വിൻഡീസ് ബാറ്റർമാരിൽ 18 റൺസെടുത്ത അലിക് അതാൻസയാണ് ടോപ് ‌സ്കോററായത്. ജസ്റ്റിൻ ഗ്രീവ്‌സ് (25), ലാസ്റ്റ്‌മാൻ ജെയ്‌ഡൻ സീൽസും (12 പന്തിൽ 22) ഭേദപ്പട്ട പ്രകടനം നടത്തി. ക്യാപ്‌ടൻ റോസ്റ്റൺ ചേസ് (1) , ഷായ് ഹോപ്പ് (1), ബ്രണ്ടൻ കിംഗ് (5), ജോൺ കാംപെൽ (14), ടാഗ്‌നരെയ്ൻ ചന്ദർപോൾ (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ നാലും സിറാജ് മൂന്നും കുൽദീപ് രണ്ടും സുന്ദർ ഒരു വിക്കറ്റും വീഴ്‌ത്തി. ഒരു ഘട്ടത്തിൽ 46/5 എന്ന നിലയിലായിരുന്ന വിൻഡീസിനെ ആറാം വിക്കറ്റിൽ 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അതാൻസയും ഗ്രീവ്‌സുമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടാഗ്‌നരെയ്‌നെ പുറത്താക്കി സിറാജാണ് വിൻഡിസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ടാഗ്‌നരെയ്‌നെ പുറത്താക്കാൻ സ്‌ക്വയർ ലെഗ്ഗിൽ ഇടത്തോട്ട് പറന്ന് നിതീഷ് കുമാർ റെഡ്ഡി എടുത്ത ക്യാച്ച് ലോകോത്തരമായിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് പത്തിന് തുടങ്ങും.

കളിയിലെ കാര്യങ്ങൾ

3- അഹമ്മദാബാദിലെ ജയം (ഇന്നിംഗ്‌സിനും 140 റൺസിനും) വിൻഡീസിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണ്,

4-ാം തവണയാണ് ജഡേജ ഒരേ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയും നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്നത്. ഈ നേട്ടത്തിൽ ഗാർഫീൽഡ് സോബേഷ്‌സിനും ആർ.അശ്വിനും ഒപ്പമെത്തി ജഡേജ. ഇയാൻ ബോതമാണ് ഈ നേട്ടം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്നത്. അ‌ഞ്ച് തവണ.

10- ടെസ്റ്റിൽ ഓപ്പണറായിറങ്ങി കെ.എൽ രാഹുൽ നേടിയ പത്താം സെഞ്ച്വറിയാണ് മത്സരത്തിലേത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറിയ നേടിയ ടെസ്റ്റ് ഓപ്പണർമാരിൽ നാലാം സ്ഥാനത്തെത്തി കെ.എൽ.

89.2 ഓവർ- ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിൽ വെസ്റ്റിൻഡീസ് ഏറ്റവും കുറവ് ബോളുകൾ നേരിട്ട മത്സരമായി ഇത്.

308- റൺസാണ് രണ്ടിന്നിംഗ്‌സിലുമായി വിൻഡീസ് നേടിയത്. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിൽ തോറ്റ ടീമുകളിൽ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.