bar-bill

ജയ്പൂർ: ബിയറിന് 20% അധിക മൂല്യവർധിത നികുതി ഈടാക്കി ഉപഭോക്താവിന് നൽകിയ ബില്ല് സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജോധ്പൂരിലെ ഒരു ബാറിലാണ് സംഭവം. രാജസ്ഥാനിലെ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കുന്നതിന് വേണ്ടി 'പശു സെസ്' എന്ന പേരിലാണ് നികുതി ഈടാക്കിയത്. ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിഷയം ഓൺലൈനിൽ വലിയ ചർച്ചയായി.

ബില്ലിലെ വിവരം അനുസരിച്ച് സെപ്തംബർ 30 ന് ജോധ്പൂരിലെ പാർക്ക് പ്ളാസയിലുള്ള ജെഫ്രി ബാറിൽ നിന്നാണ് ഉപഭോക്താവ് കോൺഫ്രൈറ്ററുകളും ആറ് ബിയറുകളും ഓർഡ‌ർ ചെയ്തത്. 2,650 രൂപയ്ക്ക് ലഭിക്കേണ്ട ഓർഡറിന് ജിഎസ്ടി, വാറ്റ്, 20% പശു സെസ് എന്നിവ ചേർത്ത് ആകെ 3,262 രൂപ ബില്ലായി. പലരും ഇത്തരമൊരു അധിക നികുതിയുടെ യുക്തി ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ 2018 മുതൽതന്നെ ഈ സെസ് നിലവിലുണ്ടെന്നും അന്നു മുതൽ മദ്യവിൽപ്പനയിൽ ഇത് ഈടാക്കുന്നുണ്ടെന്നുമാണ് സർക്കാരും ഹോട്ടൽ അധികൃതരും വ്യക്തമാക്കുന്നത്.

''ഞങ്ങൾ 20% വാറ്റ് ഈടാക്കുമ്പോഴെല്ലാം, വാറ്റ് തുകയിൽ 20% പശു സെസും ഈടാക്കാറുണ്ട്, ചില സാഹചര്യങ്ങളിൽ ഇത് ഏകദേശം 24% വരെ എത്താറുണ്ട്. ബിയറിനും മദ്യത്തിനും മാത്രമാണ് ഇത്തരത്തിൽ ഈടാക്കുന്നത്. മിക്ക ഹോട്ടലുകളും ഇതിനെ സർചാർജ് എന്നാണ് വിളിക്കുന്നത്, പക്ഷേ ഞങ്ങൾ പശു സെസ് എന്ന് പരാമർശിക്കുന്നു''. പാർക്ക് പ്ളാസ ഹോട്ടലിന്റെ മാനേജർ നിഖിൽ പ്രേം പറയുന്നു.

ഈ പണം സർക്കാർ പോർട്ടലുകളിൽ പശു സംരക്ഷണത്തിനായി നിക്ഷേപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ജൂൺ 22-നാണ് രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാർ മദ്യവിൽപ്പനയിൽ സർചാർജ് ഈടാക്കുന്നതിനായി വിജ്ഞാപനം കൊണ്ട് വന്നത്. രാജസ്ഥാൻ മൂല്യവർധിത നികുതി നിയമം, 2003 അനുസരിച്ച് ഡീലർമാർ വിൽക്കുന്ന വിദേശ മദ്യം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, നാടൻ മദ്യം, ബിയർ എന്നിവയ്ക്ക് 20% സർചാർജ് ചുമത്തുന്നതാണ് വിജ്ഞാപനം. ഇത് പശു സംരക്ഷണത്തിലേക്കുള്ള ഫണ്ടിൽ നിക്ഷേപിക്കുന്നു,

രാജെയുടെ ഭരണകാലത്ത്, സർചാർജ് 10% ആയിരുന്നു. ഗോസംരക്ഷണ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിനും പശു സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് 2018-ൽ അന്നത്തെ മുഖ്യമന്ത്രിയായ വസുന്ധര രാജെ സർചാർജ് മദ്യത്തിലേക്കും വ്യാപിപ്പിച്ചത്.