mosquito

പൊതുവെ പലരും വീട്ടിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുക് ശല്യം. കൊതുക് കാരണം മാരകമായ പല രോഗങ്ങളും ഉണ്ടാകാം. ഡെങ്കിപ്പനി, വെസ്റ്റ് നെെൽ, മന്ത്, ചിക്കൻ ഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് ഇത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് കൊതുകുകൾ പെരുകുന്നു.

രാത്രി ഉറക്കം തടസപ്പെടുത്തുകയും ശല്യം ചെയ്യുകയും കൊതുക് ചെയ്യുന്നു. അതിനാൽ തന്നെ കൊതുകിനെ തുരത്താൻ പല വഴികളും നോക്കാറുണ്ട്. അതിനായി മാർക്കറ്റിൽ കിട്ടുന്ന പല കെമിക്കൽ നിറഞ്ഞ വസ്തുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ദോഷമാണ്. എന്നാൽ പണചെലവില്ലാതെ മിനിട്ടുകൾകൊണ്ട് പ്രകൃതിദത്തമായി തന്നെ നമ്മുക്ക് കൊതുകിനെ തുരത്താം. അത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. കടുക്
  2. കർപ്പൂരം
  3. നല്ലെണ്ണ

തയ്യാറാക്കുന്ന വിധം.

ആദ്യം കടുക് എടുത്ത് നല്ലപോലെ ചതയ്ക്കണം. ശേഷം ഇതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചു ചേർക്കാം. ഇനി ഇവ നല്ലപോലെ യോജിപ്പിക്കുക. ശേഷം ഒരു മൺവിളക്കിൽ ഈ മിശ്രിതം വച്ചശേഷം നല്ലെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കാം. ഇത് കൊതുകിനെ തുരത്താൻ ഉത്തമമാണ്. കൊതുക് അമിതമായി വരുന്നിടത്ത് ഈ വിളക്ക് കൊളുത്തിയാൽ മതി.