ന്യൂഡൽഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ മാസം ഇന്ത്യയിലെത്തും. ഒക്‌ടോബർ എട്ട്, ഒമ്പത് തീയതികളിലാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രാജ്യത്തെത്തുന്നത്. യുകെ പ്രധാനമന്ത്രിയായ ശേഷമുള്ള സ്റ്റാർമറുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വ്യാപാരം, പ്രതിരോധം, ആരോഗ്യം, നിക്ഷേപം,സാങ്കേതികവിദ്യ, ഊർജ്ജം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ പരസ്‌പര സഹകരണത്തിനായി വിഭാവനം ചെയ്‌ത 'വിഷൻ 2035' പദ്ധതി ഇരുനേതാക്കളും ചർച്ച ചെയ്യും. മുംബയിൽ നിശ്ചയിച്ചിരിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം എഡിഷനിൽ ഇരുനേതാക്കളും പങ്കെടുക്കും.