കോഴിക്കോട്: മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വെെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. കെട്ടിട നിർമാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടിത്ത സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചെന്നുമാണ് കോഴിക്കോട് സബ് കളക്‌ടർ നേതൃത്വം നൽകിയ അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ആദ്യം പുക ഉയർന്ന യുപിഎസ് മുറിയിലെയും ആറുനില കെട്ടിടത്തിലെയും സുരക്ഷാവീഴ്‌ചകൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്. സംഭവസമയം അത്യാഹിത വിഭാഗത്തിൽ നടന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കീഴിലാണ് ആദ്യത്തെ അന്വേഷണം നടന്നത്. പിഡബ്ള്യുഡി ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് വിഭാഗത്തിന്റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. 200 കോടിയോളം ചെലവിട്ട ആറുനില കെട്ടിടത്തിന്റെ നിർമാണത്തിൽ ഗുരുതര പിഴവുകൾ ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വീഴ്‌ചകൾ അടിവരയിടുന്നതാണ് സബ് കളക്‌ടറുടെ റിപ്പോർട്ട്.
പുക ഉയർന്ന എംആർഐ മെഷീന്റെ യുപിഎസ് മുറിയിൽ ഗുരുതര സുരക്ഷാവീഴ്‌ചകൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുപിഎസ് ബാറ്ററി സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾ 2024 ഡിസംബറിലായിരുന്നു അവസാനമായി നടത്തിയത്. ബാറ്ററി ബാങ്ക് മുഴുവൻ മാറ്റണമെന്ന് നിർദേശിച്ചിട്ടും അതുണ്ടായില്ല. യുപിഎസ് മുറിയിൽ വെന്റിലേഷൻ സൗകര്യങ്ങളോ എമർജൻസി എക്‌സിറ്റോ തീ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ആദ്യം അംഗീകാരം ലഭിച്ച ഫയർ സേഫ്‌ടി പ്ളാനിൽ യുപിഎസ് മുറി ഉണ്ടായിരുന്നില്ല. പിന്നീട് ചട്ടങ്ങൾ ലംഘിച്ച് കൂട്ടിച്ചേർത്തതായിരുന്നു മുറിയെന്നാണ് കളക്‌ടറുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
ആറുനിലകളുള്ള പി.എം.എസ്.എസ്.വെെ കെട്ടിടത്തിൽ ഫയർ എൻഒസി പുതുക്കിയിരുന്നില്ല. ബ്ളോക്കിൽ ഫലപ്രദമായ ഫയർ എസ്‌കേപ്പ് സംവിധാനമില്ല. ഫയർ എസ്‌കേപ്പ് പടിക്കെട്ട് കെട്ടിടത്തിന് പുറത്തേയ്ക്ക് പോകുന്നതിന് പകരം അകത്ത് തന്നെയാണ് എത്തുന്നത്. മെഡിക്കൽ കോളേജ് ക്യാമ്പസിൽ തീപിടിത്ത സാദ്ധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞവർഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അധികൃതർ മുന്നറിയിപ്പ് അവഗണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.