unnikrishnan-potty

തിരുവനന്തപുരം: തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്ന് ദേവസ്വം വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ ആവർത്തിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി. ഇന്നലെ മണിക്കൂറുകളോളം ഉണ്ണികൃഷ്ണനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചില കാര്യങ്ങളിലെ പോറ്റിയുടെ മൊഴി അവ്യക്തമായതിനാൽ വിജിലൻസ് വീണ്ടും മൊഴിയെടുക്കുമെന്നാണ് വിവരം. മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

'പണം സമ്പാദനം നടത്തിയിട്ടില്ല. ഉദ്യോഗസ്ഥർ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയത്. ഉദ്യോഗസ്ഥരുടെ വീഴ്‌ചയിൽ തനിക്ക് പങ്കില്ല. തന്റെയും മറ്റ് സ്‌പോൺസർമാരുടെയും പണം കൊണ്ടാണ് പാളികളിൽ സ്വർണം പൂശിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠമാണ് കാണാതായത്. പരാതി ഉന്നയിച്ചതിനുശേഷമാണ് തിരിച്ചുകൊണ്ടുവച്ചത്'- എന്നാണ് ഉണ്ണികൃഷ്ണൻ വിജിലൻസിന് മൊഴി നൽകിയത്. വിഷയത്തിൽ അന്വേഷണം രഹസ്യമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണ രഹസ്യങ്ങൾ ചോരരുതെന്നും കോടതി എസ്‌പിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശബരിമലയിൽനിന്ന് ദേവസ്വം ബോർഡ് സ്വർണം പൂശാൻ തന്നുവിട്ടത് ചെമ്പുപാളികൾ മാത്രമാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോടും വ്യക്തമാക്കിയിരുന്ന. ദേവസ്വം മഹസറിൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മാദ്ധ്യമങ്ങളോടു പറഞ്ഞു.

'ഞാൻ അവിടെനിന്ന് എടുത്തുകൊണ്ടു പോയതല്ല. ദേവസ്വം തന്നുവിട്ടതാണ്. ദേവസ്വവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ അറിയില്ല. വീഴ്ച പറ്റിയെങ്കിൽ അന്വേഷിക്കണം. എനിക്ക് 2019ൽ നൽകിയ കത്തിൽ ചെമ്പ് പാളികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ സ്വർണമുണ്ടായിരുന്നുവെന്ന് എനിക്ക് അവരോടു പറയാൻ കഴിയുമോ. അക്കാര്യം അറിയുന്നതും ഇപ്പോഴാണ്. പാളികൾ നൽകുമ്പോൾ ദേവസ്വം വിജിലൻസിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതരോടു ചോദിക്കണം'- എന്നാണ് ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.