kudumbasree-members

കൊച്ചി: തിരുവോണം ബമ്പറിന്റെ 25 കോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി നെട്ടൂർ സ്വദേശിയെന്ന് സൂചന. എറണാകുളം നെട്ടൂരിൽ വിറ്റ TH 577825നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ഒന്നാം സമ്മാനം നേടിയയാൾ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലോട്ടറി കടയുടമ ലതീഷ് വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ പേരോ മറ്റ് സൂചനകളോ അറിയില്ലെന്നും ല​​​​​​​തീഷ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.20ന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നറുക്കെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. കഴിഞ്ഞവർഷം ഓണം ബമ്പർ ഒന്നാം സമ്മാനം കർണാടകയിലേക്കും 2023ൽ തമിഴ്നാട്ടിലേക്കും പോയിരുന്നു.

ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയിൽ 2.5 കോടി ഏജൻസി കമ്മിഷനാണ്. കേന്ദ്രസർക്കാരിന് 6.75 കോടി ആദായനികുതി നൽകണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങൾക്കുള്ള നികുതിയായി 15 കോടിയും കിട്ടും.

അതേസമയം, ഓണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ തേടിയെത്തിയത് കുടുംബശ്രീ അംഗങ്ങളെ. അഞ്ചുപേർ ചേർന്നെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. കോട്ടയം പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യ സുജീവ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത TH 668650 നമ്പർ ടിക്കറ്റിനാണ് 50 ലക്ഷം ലഭിച്ചത്. നൂറ് രൂപ വീതം പിരിവെടുത്ത് പൂഞ്ഞാർ സ്വദേശി മനോജിന്റെ പക്കൽ നിന്നാണ് ഇവർ ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് പൂഞ്ഞാർ ശാഖയിൽ ഏൽപ്പിച്ചു.