ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷപദാർത്ഥങ്ങളടങ്ങിയ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്‌ടർ അറസ്റ്റിൽ. കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദ്ദേശിച്ച പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീൺ സോണി ആണ് ഇന്നുപുലർച്ചെ അറസ്റ്റിലായത്. പ്രവീണിന്റെ ക്ലിനിക്കിലാണ് മിക്ക കുട്ടികളും ചികിത്സ തേടിയത്. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറായ പ്രവീൺ സ്വകാര്യ ക്ളിനിക്കും നടത്തിവരികയായിരുന്നു.
കോൾഡ്രിഫ് ചുമ സിറപ്പ് നിർമ്മിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മദ്ധ്യപ്രദേശ് സർക്കാർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കോൾഡ്രിഫിന്റെ വിൽപന സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. മരുന്നിൽ വളരെ വിഷാംശമുള്ള പദാർത്ഥമായ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ പരിശോധിച്ച സിറപ്പ് ഗുണനിലവാരമില്ലാത്തത് എന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മുൻകരുതൽ നടപടിയായി, കോൾഡ്രിഫിന്റെയും മറ്റൊരു കഫ് സിറപ്പായ 'നെക്സ്ട്രോ-ഡിഎസ്' ന്റെയും വിൽപന അധികൃതർ നിരോധിച്ചു. കോൾഡ്രിഫിന്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചിരുന്നു. നെക്സ്ട്രോ-ഡിഎസിന്റെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.
രാജ്യത്താകെ കോൾഡ്രിഫ് സിറപ്പ് കഴിച്ച 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലും സിറപ്പ് നിരോധിച്ചിട്ടുണ്ട്. 'കോൾഡ്രിഫ്' കേരളത്തിലും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.