പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ടുവയസുകാരിയുടെ കെെ മുറിച്ചുമാറ്റിയതായുള്ള പരാതിയിൽ ഡോക്‌ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. വിഷയത്തിൽ ഡോക്‌ടർമാരെ പിന്തുണച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെജിഎംഒഎ) രംഗത്തെത്തി. കുട്ടിക്ക് പരമാവധി ചികിത്സ നൽകിയെന്നാണ് കെജിഎംഒഎ പറയുന്നത്.
സെപ്തംബർ 30ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്‌ടർമാരാണ് പരാതിയിൽ അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്‌ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി.
പല്ലശ്ശന സ്വദേശികളായ വിനോദ്-പ്രസീദ ദമ്പതികളുടെ മകളും ഒഴിവ്‌പാറ എ.എൽ.പി സ്കൂൾ വിദ്യാർത്ഥിനിയുമായ വിനോദിനിയുടെ കൈയാണ് മുറിച്ചു മാറ്റിയത്. കൊഴിഞ്ഞാമ്പാറ വേലന്താവളത്തിന് സമീപത്താണ് കുടുംബം താമസിക്കുന്നത്. സെപ്തംബർ 24ന് കളിക്കുന്നതിനിടെ വീണു പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. വലതു കൈത്തണ്ടയിലെ രണ്ട് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു.
വീട്ടിലെത്തിയെങ്കിലും വേദന സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് 25ന് വീണ്ടും ഡോക്ടറെ കണ്ടു. തൊലി പൊട്ടിയതിനാൽ വേദനയുണ്ടാകുമെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചു. പ്ലാസ്റ്റർ ഇട്ട ഭാഗത്തു നിന്ന് പഴുപ്പും ദുർഗന്ധവും വമിച്ചതോടെ 28ന് വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ ഇവിടെ കൂടുതൽ ചികിത്സ നൽകാനാകില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.
30ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. പഴുപ്പ് പടർന്നതിനെ തുടർന്ന് ഇവിടെ വച്ചാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കോ ജീവനക്കാർക്കോ സംഭവിച്ച പിഴയാണ് കൈ മുറിക്കാൻ കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാൽ, കുട്ടിക്ക് പരിക്കേറ്റ ദിവസം തന്നെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാരുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കിയിരുന്നുവെന്നാണ് ആശുപത്രി ഡിഎംഒയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊട്ടിയ എല്ലുകൾക്ക് ഉചിതമായ ചികിത്സ നൽകി കൈയിലേക്ക് രക്തയോട്ടം ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിറ്റേ ദിവസവും പരിശോധിച്ചു. സെപ്തംബർ 30ന് എത്തുമ്പോഴേക്കും കൈയിൽ രക്തയോട്ടമില്ലാത്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.