rohit-sharma

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ശുഭ്മാൻ ഗില്ലിന് ബിസിസിഐ നായകസ്ഥാനം കൈമാറിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഗിൽ യുഗമായിരിക്കുമെന്നാണ് വിലയിരുത്തൽ. 2027 ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടാണ് ടീം പ്രഖ്യാപനമെന്നായിരുന്നു സെലക്‌ടർമാർ അറിയിച്ചത്.

ഇപ്പോഴിതാ രോഹിത് ശർമ്മയുടെ അടുത്ത സുഹൃത്തും മുൻ ടീം ഇന്ത്യ അസിസ്​റ്റന്റ് കോച്ചുമായ അഭിഷേക് നായർ, ക്യാപ്​റ്റൻ സ്ഥാനമാ​റ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു പ്രമുഖ സ്‌പോർട്സ് മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശുഭ്മാൻ ഗില്ലിന് ഒരു അവസരം നൽകണമെന്നായിരുന്നു അഭിഷേക് പറഞ്ഞത്. 'നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പൂർണപിന്തുണയുമായി ഞാനുണ്ടായിരിക്കും. ഇതൊരു മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ക്യാപ്​റ്റൻ സ്ഥാനത്തിന് അർഹനാണ് ശുഭ്‌മാൻ ഗിൽ'- അഭിഷേക് നായർ കൂട്ടിച്ചേർത്തു.

ക്യാപ്‌റ്റൻ സ്ഥാനം മാറുന്നത് സംബന്ധിച്ച് രോഹിതുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ അറിയിച്ചു. അതേസമയം രോഹിതിനേയും കൊഹ്‌ലിയേയും 15അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി-20യിൽ നിന്നും ഏകദിനങ്ങളിൽ നിന്നും നേരത്തേ തന്നെ വിരമിച്ച ഇരുവരും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.

ഇന്ത്യാചാമ്പ്യൻമാരായ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യനത്തിലെ 19ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ശ്രേയസ് അയ്യരാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്ടൻ. മലയാളിതാരം സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.