bridge

കൊൽക്കത്ത: പശ്ചിമബംഗളിലെ ഡാർജിലിംഗ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽപെട്ട് ആറ് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് തുടർച്ചയായ മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. മിറിക്, കുർസിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പുപാലവും തകർന്നു. കുർസിയോങ്ങിന് സമീപം ദേശീയപാത 110ൽ സ്ഥിതി ചെയ്യുന്ന ഹുസൈൻ ഖോളയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗ്രാമങ്ങൾ മുതൽ ദേശീയ പാതകൾ വരെയുളള റോഡുകൾ മണ്ണിനടിയിലായി. ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാർ, ജുൽപായ്‌ഗുരി. അലിപുർദുവാർ എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാർജിലിംഗിന്റെ അയൽ ജില്ലയായ അലിപുർദുവാറിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര ജില്ലകളിൽ രാത്രി മുഴുവൻ തുടർച്ചയായി മഴ പെയ്തതോടെ ജൽപായ്ഗുരിയിലെ മാൽബസാറിലെ ഒരു വലിയ പ്രദേശം മുഴുവൻ വെളളത്തിടിയിലായി.

തിങ്കളാഴ്ച രാവിലെ വരെ ഡാർജിലിംഗിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്നും, ഇതേ കാലയളവിൽ തെക്കൻ ബംഗാളിലെ മുർഷിദാബാദ്, ബിർഭം, നാദിയ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.