കേരളത്തിൽ സ്വർണവില കത്തിക്കയറുകയാണ്. സ്വർണം പവന് 640 രൂപ ഉയർന്ന് 87,560 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ ഉയർന്ന് 10,945 രൂപയിലുമെത്തി നിൽക്കുന്നു. ഒൻപത് മാസത്തിനിടെ സ്വർണ വിലയിൽ അൻപത് ശതമാനമാണ് കൂടിയത്. ഈ സാഹചര്യത്തിൽ സ്വർണം പണയം വയ്ക്കുന്ന പ്രവണതയും വർദ്ധിച്ചു. വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലും ആളുകൾ സ്വർണം പണയം വയ്ക്കാറുണ്ട്. സ്വർണം പണയത്തിലാവുക എന്നത് ഒരുതരത്തിൽ കടബാദ്ധ്യത തന്നെയാണ്. ചിലർക്ക് വർഷങ്ങൾ കഴിഞ്ഞാലും പണയത്തിൽവച്ച സ്വർണം തിരിച്ചെടുക്കാൻ സാധിക്കില്ല. പലിശയടച്ച് കാശ് നഷ്ടം വരികയും ചെയ്യും.
സ്വർണം പണയം വയ്ക്കുമ്പോൾ ജ്യോതിശാസ്ത്രപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. സ്വർണം അധികകാലം താമസം വരാതെ തിരിച്ചെടുക്കാൻ സഹായിക്കുന്ന ചില ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളിൽ സ്വർണം പണയം വച്ചാൽ കടബാദ്ധ്യത അധികരിക്കാതെ പെട്ടെന്നുതന്നെ തിരികെ എടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
ഭരണി, ആയില്യം, പൂരം, പൂരാടം, പുരൂരുട്ടാതി, തൃക്കേട്ട, തിരുവാതിര ദിവസങ്ങളിൽ സ്വർണം പണയം വയ്ക്കാനോ കൊടുക്കാനോ വാങ്ങാനോ പാടില്ല. സ്വർണം ലഭിക്കാൻ ലക്ഷ്മീദേവിയെ ആണ് ആരാധിക്കേണ്ടത്. ലക്ഷ്മീദേവിക്ക് ചിത്രവർണപ്പട്ട് വാങ്ങി അതിൽ താമരമൊട്ട് വച്ച് ലക്ഷ്മീദേവിയുടെ നടയ്ക്കൽ വയ്ക്കണം. ലക്ഷ്മീനാരായണ മന്ത്രംകൊണ്ട് പുഷ്‌പാഞ്ജലി ചെയ്തതിനുശേഷം എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവച്ചതിനുശേഷം ശ്രീസൂക്തം ജപിക്കണം.
സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണം വെറുതെ അലമാരയിൽ വയ്ക്കരുത്. തുണിയിൽ പൊതിഞ്ഞ് വീടിന്റെ വടക്ക് ദിക്കിലോ പടിഞ്ഞാറ് ദിക്കിലോ ആണ് സൂക്ഷിക്കേണ്ടത്. സ്വർണം താഴെവീണാൽ നെറുകയിൽ തൊട്ടുവച്ചതിനുശേഷമേ തിരികെ വയ്ക്കാൻ പാടുള്ളൂ.