കണ്ണൂർ: മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായി ബഷീർ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ മുസ്‌തഫയെന്ന യുവാവിനെ ഇരുവരും തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
എതിർക്കാൻ ശ്രമിച്ച മുസ്‌തഫയെ ഇവർ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. മോഷണശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം കൊണ്ട് മുസ്തഫ സമീപവാസികളെ വിവരം അറിയിച്ചു. രണ്ട് പ്രതികൾക്കായുളള തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെയായിട്ടും തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന ബഷീറിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.