കോട്ടയം: കെഎസ്‌ആർടിസി ബസിനുള്ളിൽ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവത്തിൽ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയിൽ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്. വെള്ളം കുടിച്ചതിനുശേഷം കുപ്പി ബസിന്റെ മുൻഭാഗത്തായി നിരത്തിയിട്ടതിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
കൊല്ലം ആയൂരിൽ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പൊൻകുന്നം ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. ബസിന്റെ മുൻവശം കുപ്പികൾ വലിച്ചെറിയാനുള്ള സ്ഥലമല്ലെന്നും അത് വൃത്തിഹീനമായ പ്രവൃത്തിയാണെന്നും മന്ത്രി ഡ്രൈവറെ ശാസിച്ചിരുന്നു. മുൻപ് പലതവണ ഇത്തരം വിഷയങ്ങളിൽ താക്കീത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ജീവനക്കാർക്ക് നോട്ടീസ് വഴിയും നിർദേശങ്ങൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് ബസിൽ പ്ളാസ്റ്റിക് കുപ്പികൾ നിരത്തിയിട്ടതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും അവ മാറ്റാത്തത് തെറ്റാണെന്ന് മന്ത്രി പറഞ്ഞു. രാവിലെ ബസ് സ്റ്റാർട്ട് ചെയ്ത് പോവുക മാത്രമല്ല ജീവനക്കാരുടെ ഉത്തരവാദിത്തമെന്നും ബസ് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഇതുസംബന്ധിച്ച് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.