മുംബയ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം അടിയന്തിര ലാൻഡിങ് നടത്തി. അമൃത്സറിൽ നിന്ന് ബിർമിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്. ബർമിംഗ്ഹാമിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് അടിയന്തര ലാൻഡിംഗിനുള്ള ക്രമീകരണങ്ങൾ നടത്തി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതേത്തുടർന്ന് ബർമ്മിംഗ്ഹാമിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി.
ശനിയാഴ്ചയാണ് അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്ക് വിമാനം യാത്ര തിരിച്ചത്. ലാൻഡ് ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടയിൽ വിമാനത്തിന്റെ റാറ്റ് (റാം എയർ ടർബെയിൻ) പുറത്ത് വന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇരട്ട എഞ്ചിൻ തകരാറോ വിമാനത്തിലെ വൈദ്യുതി പൂർണ്ണമായി നിശ്ചലമാക്കപ്പെടുകയോ (ഹൈഡ്രോളിക് പരാജയം) ചെയ്യുന്ന അവസരങ്ങളിലാണ് ഇത്തരത്തിൽ റാറ്റ് സംവിധാനം പ്രവർത്തിക്കുക. കാറ്റിന്റെ വേഗത ഉപയോഗിച്ച് റാറ്റ് അടിയന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കും. എന്നാൽ വിമാനത്തിന് ഇത് പ്രവർത്തിക്കത്തക്ക തരത്തിൽ ഇലക്ട്രിക്കൽ, ഹൈഡ്രോളിക്കൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടുതൽ പരിശോധനകൾ നടത്തേണ്ടതിനാലാണ് ഡൽഹിയിൽ നിന്ന് ബർമിംഗ്‌ഹാമിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയത്. യാത്രക്കാർക്ക് വേണ്ടി ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവന നടത്തി.