
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ചെൽസി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു.
ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ തോൽവി.14-ാം മിനിട്ടിൽ മോയ്സസ് കായ്സിഡോയിലൂടെ മുന്നിലെത്തിയ ചെൽസി ആദ്യപകുതിയിൽ ഈ ലീഡ് നിലനിറുത്തി. 63-ാം മിനിട്ടിൽ കോഡി ഗാപ്കോയിലൂടെ ലിവർപൂൾ സമനില പിടിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിലെ എസ്റ്റീവോയുടെ ഗോൾ ചെൽസിക്ക് വിജയം നൽകി. ലിവർപൂളിന്റെ സീസണിലെ രണ്ടാം തോൽവിയാണിത്.
38-ാം മിനിട്ടിൽ ഡെക്ളാൻ റൈസും 67-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ബുക്കായോ സാക്കയും നേടിയ ഗോളുകൾക്കാണ് ആഴ്സനൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായാണ് ആഴ്സനൽ ഒന്നാമതേക്ക് എത്തിയത്. രണ്ടാമതുള്ളലിവർപൂളിന് ഏഴ് കളികളിൽ നിന്ന് 15 പോയിന്റാണ്. 14 പോയിന്റുമായി ടോട്ടൻഹാം മൂന്നാമതുള്ളപ്പോൾ 11 പോയിന്റുനേടി ചെൽസി ആറാമതാണ്.