agriculture

വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ വലിയ സാദ്ധ്യതയുണ്ടെന്ന് വളരെ അടുത്ത കാലത്താണ് മലയാളികള്‍ മനസ്സിലാക്കിയത്. വളരെ വലിയ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുകൊണ്ട് തന്നെ അത്ര കാര്യമായി ആരും മാങ്കോസ്റ്റീന്‍ കൃഷിയെ കണ്ടിരുന്നില്ല. വിളവെടുപ്പിന് പത്ത് വര്‍ഷം വരെ വേണമെന്നതും ആളുകളെ മാങ്കോസ്റ്റീനില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ചില പൊടിക്കൈകള്‍ കൃത്യമായി പ്രയോഗിച്ചാല്‍ പത്ത് വര്‍ഷം എന്നത് മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ കേരളത്തിലും കൃഷി വ്യാപിക്കുന്നതിന് കാരണമായി.

വിപണയില്‍ 400 രൂപ മുതല്‍ ആയിരം രൂപ വരെയാണ് ഒരു കിലോ മാങ്കോസ്റ്റീനിന് വിലയായി നല്‍കേണ്ടത്. വിത്ത് മുളപ്പിച്ച് നട്ടാല്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കണം വിളവെടുപ്പിന്. എന്നാല്‍ ഗ്രാഫ്റ്റിംഗ് രീതി പരീക്ഷിച്ചാല്‍ വെറും മൂന്ന് വര്‍ഷംകൊണ്ട് കാര്യം നടക്കും. കരഭൂമിയേക്കാള്‍ നിലമാണ് മാങ്കോസ്റ്റീന്‍ കൃഷിക്ക് പൊതുവേ അനുയോജ്യം. ഈര്‍പ്പമുള്ള മണ്ണിലാണ് നല്ല ഗുണനിലവാരമുള്ള പഴങ്ങളുണ്ടാകുക. എന്നാല്‍ ശരിയായ രീതിയില്‍ നനയ്ക്കുകയാണെങ്കില്‍ ഏത് തരം മണ്ണിലും നല്ല പഴങ്ങള്‍ ലഭിക്കുമെന്നതാണ് ഗുണകരം.

വിത്തുകളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മാങ്കോസ്റ്റീന്‍ വിളവെടുപ്പിന് എട്ടു മുതല്‍ 12 വര്‍ഷംവരെ കാലം വേണ്ടിവരും. വേരുകള്‍ അധികം ശാഖകളായി പൊട്ടി വളരാത്തതാണ് വളര്‍ച്ച സാവധാനമാകാന്‍ പ്രധാന കാരണം. 3 വര്‍ഷത്തിനു മേല്‍ പ്രായമുള്ള തൈകള്‍ നടുന്ന പക്ഷം വിളവെടുപ്പിനുള്ള കാലതാമസം കുറയ്ക്കാം. ഇതിനായി 3 വര്‍ഷം തൈകള്‍ കൂടുകളില്‍ വളര്‍ത്തുകയോ നഴ്‌സറികളില്‍നിന്ന് 3 വര്‍ഷം പ്രായമായ തൈകള്‍ വാങ്ങുകയോ ആണ് മാര്‍ഗം.