airport

ഉയര്‍ന്ന ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവരുടെ ജീവിത ചെലവും ഉയര്‍ന്ന് നില്‍ക്കും. വളരെ കുറച്ച് പേര്‍ മാത്രമേ ഇതില്‍ നിന്ന് വ്യത്യാസപ്പെട്ടാറുള്ളൂ. സമ്പാദ്യം കൂടുതലുള്ള ആളുകളുടെ ജീവിതശൈലിയും ഷോപ്പിംഗ് സംസ്‌കാരവുമെല്ലാം തന്നെ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. വിമാനത്താവളങ്ങള്‍ക്കുള്ളിലെ കടകളില്‍ നിന്ന് സാധനം വാങ്ങുന്നത് എല്ലാവര്‍ക്കും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന ഒന്നല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തനിക്ക് 50 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നും എന്നിരുന്നാലും തനിക്ക് വിമാനത്താവളങ്ങള്‍ക്കുള്ളിലെ കടകളില്‍ നിന്ന് സാധനം വാങ്ങാനുള്ള ധൈര്യം ഇല്ലെന്നുമാണ് യുവാവ് പറയുന്നത്. ഉയര്‍ന്ന വരുമാനമുണ്ടായിട്ടും വിമാനത്താവളങ്ങളിലെ ആഡംബര കടകളില്‍ നിന്ന് ഷോപ്പിങ് ചെയ്യാന്‍ തനിക്ക് വേണ്ടത്ര ആത്മവിശ്വാസമോ സാമ്പത്തികശേഷിയോ ഇല്ലെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് യുവാവിന്റെ കുറിപ്പ്. നിരവധി ആളുകളാണ് കുറിപ്പിന് കീഴില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ധനികനല്ലെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടണമെങ്കില്‍ ഇത്തരം കടകളില്‍ ഒരു തവണ കയറി സാധനം വാങ്ങിയാല്‍ മതിയെന്നാണ് ഒരാളുടെ കമന്റ്. ഇതുപോലുള്ള വിമാനത്താവളങ്ങളിലെ കടകള്‍ പരമ്പരാഗതമായി ധനിക കുടുംബത്തില്‍ ജനിച്ചവര്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. സ്വാറോവ്സ്‌കി, ഡിയോര്‍, ദി വൈറ്റ് ക്രോ തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളുടെ ചിത്രങ്ങളാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.