
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില കുറയും, ആളുകള്‍ക്ക് വന്‍ ലാഭം കിട്ടും. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഇപ്രകാരമാണ്. എന്നാല്‍ പുതിയ ജിഎസ്ടിയുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരും. നിരക്ക് കുറഞ്ഞതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് കേരളത്തിലെ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇതിനോടകം അഭിപ്രായപ്പെട്ടുകഴിഞ്ഞു.
കാര്യമായ വിലക്കുറവ് പ്രകടമല്ലെന്നാണ് ജനങ്ങളും പറയുന്നത്. കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും വില കുറഞ്ഞതൊഴിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് താഴാതെ നില്‍ക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് ധനലാഭമുണ്ടാകണമെങ്കില്‍ ജീവിതത്തെ ബാധിക്കുന്ന, നിത്യജീവിതത്തില്‍ പണം കൊടുത്ത് വാങ്ങുന്ന സാധനങ്ങളുടെ വില കുറയണം. സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ചില വ്യാപാരികള്‍ വിലക്കുറവ് പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോള്‍ മറ്റൊരു വിഭാഗം പഴയ വിലയ്ക്ക് തന്നെ സാധനം വില്‍ക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.
ഈ പ്രവണത ഏതാനും ആഴ്ചകള്‍ കൂടി നിലനില്‍ക്കുമെന്നാണ് വ്യാപാരികളും വിതരണക്കാരും പറയുന്നത്. നിലവില്‍ മാര്‍ക്കറ്റിലുള്ള സാധനങ്ങളില്‍ നല്ലൊരു പങ്കും പഴയ വില രേഖപ്പെടുത്തിയവയാണ്. അഥുകൊണ്ട് തന്നെ സാധനം വാങ്ങുമ്പോള്‍ ആ വില നല്‍കേണ്ടതായി വരും. അല്ലാത്തപക്ഷം അത് കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും നഷ്ടമുണ്ടാക്കും. ഇപ്പോള്‍ പഴയ വില രേഖപ്പെടുത്തിയവ തിരിച്ചുവിളിക്കുകയോ വിറ്റ് തീരുകയോ ചെയ്യുന്നമുറയ്ക്ക് അനിശ്ചിതത്വം അവസാനിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
അതേസമയം, ജി.എസ്.ടി നിരക്കിളവിലെ നേട്ടം ജനങ്ങളിലേക്ക് എത്താത്തതില്‍ കമ്പനികളും വിതരണക്കാരും പരസ്പരം പഴിചാരുകയാണ്. വില കുറക്കാന്‍ വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. നിരക്കില്‍ വന്ന ഇളവിന്റെ ഗുണം കിട്ടുവാന്‍ പുതിയ വിലയുള്ള ഉത്പന്നങ്ങള്‍ ചോദിച്ച് വാങ്ങാന്‍ ഉപയോക്താക്കള്‍ തയ്യാറാകണമെന്നും കമ്പനികള്‍ പറയുന്നു.