vande-bharat

തൃശൂർ: വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ ഉച്ചഭക്ഷണത്തിന് നൽകിയ ചോറിനൊപ്പമുള്ള പരിപ്പ്‌കറിയിൽ പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ ഈമാസം രണ്ടിനാണ് സംഭവം. മംഗളൂരു സ്വദേശിനി സൗമിനി തൃശൂരിൽ നിന്നും മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ട്രെയിനിൽ കയറി. ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിലാണ് പുഴുവിനെ കണ്ടത്. മറ്റ് യാത്രക്കാർക്ക് നൽകിയ ഭക്ഷണപ്പൊതിയിലും പുഴുക്കളുണ്ടായിരുന്നു എന്ന് സൗമിനി പറയുന്നു.

മുൻപ് വന്ദേഭാരതിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ വാർത്ത ഓർമ്മയുണ്ടായിരുന്നതിനാൽ ഭക്ഷണം ശ്രദ്ധിക്കണമെന്ന് സൗമിനി മക്കളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ലഭിച്ച ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്. ഉടൻ ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരോട് വിവരം പറഞ്ഞു. ഐആർ‌സിടിസിയി പരാതിപ്പെട്ടതോടെ പണം തിരികെ ലഭിച്ചു. സംഭവത്തിൽ തുടർനടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും വന്ദേ ഭാരതിൽ പുഴുവരിച്ച ഭക്ഷണം ലഭിച്ചു എന്ന് പരാതി ഉയർന്നിരുന്നു. വന്ദേ ഭാരതിൽ കണ്ണൂരിൽ നിന്ന് കാസർകോടേയ്ക്ക് ഇവൺ കോച്ചിൽ സഞ്ചരിച്ച യാത്രികനാണ് അന്ന്‌ ദുരനുഭവമുണ്ടായത്.

ട്രെയിനിൽ വിതരണം ചെയ്ത പൊറോട്ടയിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. പെറോട്ടയിൽ പുഴുവരിക്കുന്നതായി യാത്രക്കാർ കാണിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തു വന്നിരുന്നു. ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി ട്രെയിൻ കണ്ണൂരിലെത്തിയ ഉടനെ തന്നെ യാത്രക്കാരൻ പരാതിപ്പെട്ടു. കാസർകോട് റെയിൽവേ സൂപ്രണ്ടിനാണ് പരാതി നൽകിയത്. പരാതി പാലക്കാട് റെയിൽവേ ഡിവിഷൻ കൈമാറുകയും ചെയ്‌തു.