airport

അബുദാബി: ഒരു കൂട്ടം യുവതികൾക്കൊപ്പം അബുദാബി വിമാനത്താവളത്തിൽ പ്രൈവ​റ്റ് ജെ​റ്റിൽ വന്നിറങ്ങിയ മനുഷ്യൻ ആരാണെന്ന ചർച്ചയേറുന്നു. പരമ്പരാഗത ആഫ്രിക്കൻ വസ്ത്രം ധരിച്ചെത്തിയ മനുഷ്യനെ വിമാനത്താവളത്തിലുണ്ടായിരുന്നവർ ആദരവോടെ സ്വാഗതം ചെയ്യുന്നതും കാണാം. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാണ് ഈ മനുഷ്യനെന്ന ചോദ്യവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രൈവ​റ്റ് ജെ​റ്റിൽ വന്നിറങ്ങിയത് സാധാരണ ഒരു മനുഷ്യനല്ലെന്ന് ഇതിനോടകം തന്നെ മനസിലായെന്നും ചിലർ പറയുന്നു.

ദക്ഷിണാഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയിലെ (സ്വാസിലാൻഡ്) രാജാവായ എംസ്വതി മൂന്നാമന്റെ വീഡിയോയാണ് വൈറലായത്. തന്റെ 15 ഭാര്യമാർക്കൊപ്പവും 30 കുട്ടികൾക്കൊപ്പവുമാണ് എംസ്വതി വിമാനത്തിൽ വന്നിറങ്ങിയത്. ഏകദേശം 100 സഹായികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇത്രയധികം ആളുകൾ വന്നതോടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയത്തേക്ക് മൂന്ന് ടെർമിനലുകൾ അടച്ചുപൂട്ടേണ്ടി വന്നു.

സാമ്പത്തിക കരാറുകൾ ചർച്ച ചെയ്യുന്നതിനാണ് എംസ്വതി മൂന്നാമൻ യുഎഇ സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും ആഡംബര ജീവിതവും ആഗോള തലത്തിൽ ശ്രദ്ധ നേടിയതാണ്. പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എംസ്വതി മൂന്നാമൻ പരമ്പരാഗത ശൈലിയിലുളള പുളളിപ്പുലി ഡിസൈനിൽ പ്രിന്റ് ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്നതും ഭാര്യമാർ വർണാഭമായ ആഫ്രിക്കൻ വസ്ത്രങ്ങൾ അണിഞ്ഞ് പരിപാടികളിൽ എത്തുന്ന വീഡിയോകളും ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

സ്വാസിലാൻഡിലെ മുൻ രാജാവായ എംസ്വതി മൂന്നാമന്റെ പിതാവിന് 70ൽ അധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ചില വിവരങ്ങളനുസരിച്ച് അദ്ദേഹത്തിന് 210ൽ അധികം കുട്ടികളും ഏകദേശം 1000ൽ അധികം പേരക്കുട്ടികളും ഉണ്ടായിരുന്നു. ലോകത്തിലെ ഏ​റ്റവും ധനികരായ രാജാക്കൻമാരിലൊരാളാണ് എംസ്വതി മൂന്നാമൻ. ഏകദേശം ഒരു ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്.


അതേസമയം എംസ്വതിക്കെതിരെ നിരവധി വിമർശനങ്ങളും അടുത്തിടെ ഉയർന്നിരുന്നു. രാജ്യത്ത് എല്ലാ വർഷവും റീഡ് ഡാൻസെന്ന ചടങ്ങ് നടക്കാറുണ്ട്. ആഡംബരപൂർണമായി നടന്ന ചടങ്ങിൽ നിന്ന് രാജാവ് ഒരു വധുവിനെ തിരഞ്ഞെടുത്തത് വിവാദത്തിൽപ്പെട്ടിരുന്നു. അതുപോലെ രാജ്യത്തെ 60 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഈ അവസ്ഥയിൽ സ്വാസിലാൻഡിലെ രാജാവിന്റെ അത്യാഡംബര പൂർണമായ ജീവിതം വിമർശനങ്ങളിൽപ്പെട്ടിരിക്കുകയാണ്.