
ഭൂമിയിൽ മനുഷ്യർ നിലനിന്നുതുടങ്ങിയിട്ട് ഏകദേശം മൂന്ന് ലക്ഷം വർഷങ്ങളാണ് ആയിട്ടുള്ളത്. എന്നാൽ ഭൂമിയിൽ സസ്യങ്ങളുണ്ടായത് ഏകദേശം 500 മില്യൺ വർഷങ്ങൾക്ക് മുൻപ് ജലജീവികൾക്ക് പ്രാധാന്യമുള്ള ഓർഡോവിസിയൻ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിന്റെ മദ്ധ്യത്തിൽ വെള്ളത്തിലാണ് ചെടികൾ രൂപപ്പെട്ടത്. കരയിൽ ഇവ വളർന്നു തുടങ്ങിയിട്ട് 470 മില്യൺ വർഷങ്ങളാണ് ആയിട്ടുള്ളത്. എന്നാൽ ഇവയ്‌ക്കൊക്കെ എത്രയോ മുൻപ് ഭൂമിയിൽ ഉണ്ടായവയാണ് ആൽഗകൾ. ശാസ്‌ത്രലോകം കണക്കുകൂട്ടുന്നതനുസരിച്ച് രണ്ടര മുതൽ മൂന്ന് ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ആൽഗകൾ ഭൂമിയിൽ ഉണ്ടായത്. മനുഷ്യർ ശ്രദ്ധിക്കുന്നത് കുറവെങ്കിലും ഇന്നും ഇവ നമ്മുടെ ജീവലോകത്ത് വളരെ പ്രധാനമാണ്.
ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപേ ഉള്ള ആൽഗകൾ
30,000 മുതൽ 10 ലക്ഷം വരെ തരം ആൽഗകൾ ലോകത്തുണ്ട് എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. നേച്ചർ എക്കോളജി ആൻഡ് എവല്യൂഷൻ എന്ന ശാസ്‌ത്ര ഗവേഷണ പ്രസിദ്ധീകരണത്തിൽ വന്ന പഠനമനുസരിച്ച് കരയിൽ ജീവലോകം കെട്ടിപ്പടുക്കുന്നതിന് ഇവ വഹിച്ചത് വലിയ പങ്കാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജപ്പാനിലെ ഒക്കിനാവ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് മറ്റ് അന്താരാഷ്‌ട്ര വിദഗ്ദ്ധരുമായി ചേർന്ന് ഇക്കാര്യം പഠിച്ചത്. ലോകത്ത് ചെടികളും മരങ്ങളുമുണ്ടാകുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപുതന്നെ ആൽഗകളും ഫംഗസുകളും ഉണ്ടായി എന്നാണ് ഇവർ കണ്ടെത്തിയത്.
പരിണാമം അഞ്ച് തരത്തിൽ
ഒക്കിനാവ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രൊഫ.ജെർജെലി ജെ.സൊലോസിയുടെ നിരീക്ഷണത്തിൽ പ്രത്യേകമായ ബഹുകോശ ജീവികൾ ഒന്നല്ല അഞ്ച് തരമായി പരിണമിക്കുകയായിരുന്നു. അവ ഭൂമിയിലെ സസ്യങ്ങൾ, മൃഗങ്ങൾ, ഫംഗസ്,ചുവന്ന ആൽഗകൾ, തവിട്ട് ആൽഗകൾ എന്നിങ്ങനെയാണ് ഉണ്ടായത്. ആദ്യ കാലത്തെ ഒരൊറ്റ കോശ ജീവിയിൽ നിന്ന് ചുരുങ്ങിയത് അഞ്ച് തവണയായിട്ടാണ് ഇങ്ങനെ ജീവികൾ ഉണ്ടായത്.

കണ്ടെത്തൽ ഫോസിലിൽ നിന്ന്
ഫോസിലുകളിൽ നിന്നാണ് പഴയകാലത്തെ ആൽഗകളെ കുറിച്ച് ശാസ്‌ത്രലോകത്തിന് വ്യക്തമായ ധാരണ ലഭിച്ചത്. 1.6 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ചുവന്ന ആൽഗകളുണ്ടായിരുന്നതെന്ന് വിവരം ലഭിച്ചു. ഇത് ഇന്ത്യയിൽ നിന്നാണ് ലഭിച്ചത്. മൃഗങ്ങളുടെയാകട്ടെ ആദ്യകാല ഫോസിലുകൾ 600 മില്യൺ വർഷങ്ങൾക്ക് മുൻപുള്ളതാണെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇക്കാലത്തിനെല്ലാം മുൻപ് നിലവിൽ വന്ന ഫംഗി അഥവാ കുമിളുകൾ എത്ര പഴക്കംചെന്നവയെന്ന് ഗവേഷകർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മോളിക്കുലാർ ക്ളോക്ക് എന്ന സങ്കേതം വഴി എത്ര തവണ കുമിൾ പരിവർത്തനം ചെയ്യപ്പെട്ടു എന്ന് അവയുടെ ഡിഎൻഎ വഴിയാണ് ഗവേഷകർ മനസിലാക്കുന്നത്. വിവിധ മാർഗങ്ങളിലൂടെ നടത്തിയ പഠനത്തിൽ 1.4 ബില്യൺ മുതൽ 0.9 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഇവ ആദ്യം രൂപംകൊണ്ടു എന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.

ഭൂമിയെ മനോഹരമാക്കിയത് ചെടികളും പൂക്കളുമല്ല
ഇന്ന് കാണുന്ന ഭൂമി മനോഹരമായ ചെടികളും മരങ്ങളും കൊണ്ട് സമ്പന്നമാണ്. എന്നാൽ അതിനുമുൻപ് കുമിളുകൾ ആൽഗകളോടൊപ്പം ഭൂമിയിലെ വൻകരകളെ ഇന്ന് കാണുംപോലെ വാസയോഗ്യമാക്കി മാറ്റിയവയാണ്. പാറകളും മറ്റും തകർത്തും ധാതുലവണങ്ങളെ ഭൂമിയിലെത്തിച്ചും അവ ചെയ്‌ത സേവനങ്ങൾ വലുതാണ്. ചെടികൾ കരകളെ രൂപപ്പെടുത്തുകയായിരുന്നില്ല. ആൽഗകൾ തയ്യാറാക്കിയ ലോകത്ത് അവ നന്നായി പടർന്നുപിടിക്കുകയാണ് ചെയ്‌തത്. ഇന്നും ലോകം നിലനിൽക്കുന്നതിൽ ആരുമറിയാതെ തങ്ങളുടെ പങ്ക് അവ തുടർന്നുകൊണ്ടേയിരിക്കുന്നു.