sabarimala

പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വ‌ർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ദേവസ്വം വിജിലൻസാണ് ഇക്കാര്യം അറിയിച്ചത്. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്. 2019 ജൂലായിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിമറി നടന്നെന്ന വാദം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തൽ.

2025ൽ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വർണപ്പാളിയുമായി 2019ലെ പാളികളെ തട്ടിച്ചുനോക്കിയാണ് വിജിലൻസ് പുതിയ നിഗമനത്തിലെത്തിയത്. തുലാമാസ പൂജകൾക്ക് ശേഷം നടതുറക്കുമ്പോൾ ശുദ്ധിക്രിയ നടത്തി പുതുക്കിയ പാളികൾ സ്ഥാപിക്കും. വിജയ് മല്യ നൽകിയ സ്വർണം പൂശിയ പാളിയല്ല ഇപ്പോൾ സന്നിധാനത്ത് ഉള്ളത്. എന്നാൽ ഇതുസംബന്ധിച്ച ആധികാരികമായ ഒരു തീർപ്പിലെത്തണമെങ്കിൽ കൂടുതൽ വിദഗ്ധമായ പരിശോധന ആവശ്യമാണ്.

അതേസമയം, ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. എ ഡി ജി പി എച്ച് വെങ്കിടേഷ് ആയിരിക്കും നേതൃത്വം നൽകുക. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയർ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് എച്ച് വെങ്കിടേഷ്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടയാളാണ് എച്ച് വെങ്കിടേഷ്. ഹൈക്കോടതിയുടെ തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്‌തു. എന്നാൽ സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമൊണ് കോൺഗ്രസ് ആവശ്യം.