onion

ഉള്ളി മുറിക്കുമ്പോൾ കണ്ണ് എരിയാത്തവർ വിരളമാണ്. ഉള്ളി മുറിയ്ക്കുമ്പോൾ അതിൽ നിന്ന് പുറത്തുവരുന്ന സൾഫറാണ് അതിന് കാരണം. ഇത് കണ്ണുനീർ ഗ്രസ്ഥികളിൽ തട്ടി അതിൽ എരിച്ചിൽ ഉണ്ടാക്കുകയും കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കാൻ നിരവധി പൊടിക്കെെകൾ ഉണ്ട്. അതിൽ ചിലത് നോക്കിയാലോ?

ഉള്ളി അരിയുന്നതിന് മുൻപ് അതിലെ പുറംതൊലി മാറ്റുന്നത് നല്ലതാണ്. ഇത് കണ്ണിലെ അസ്വസ്ഥത കുറയ്ക്കുന്നു. അല്ലെങ്കിൽ അരിയുന്നതിന് മുൻപ് ഉള്ളി കുറച്ച് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. 15 മിനിട്ട് കഴിഞ്ഞ് ഉള്ളിയെടുത്ത് മുറിച്ചാൽ കണ്ണ് എരിയില്ല. കൂടാതെ ഫ്രിഡ്ജിൽ വയ്ക്കുന്നതും നല്ലതാണ്. കാരണം തണുത്തിരിക്കുമ്പോൾ രാസപ്രവർത്തനത്തിന് കാരണമാകുന്ന എൻസെെമുകളുടെ പ്രവർത്തനം മന്ദഗതിയിലാകും. അതുപോലെ തന്നെ ഉള്ളി അരിഞ്ഞശേഷം അവ വെള്ളത്തിൽ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ഇതും സൾഫറിന്റെ പ്രവർത്തനം കുറയ്ക്കുന്നു.

പണ്ട് ഉള്ളി അരിയുമ്പോൾ സ്ത്രീകൾ വായിൽ വെള്ളം വച്ചിരുന്നു. ഇത് ഉള്ളി അരിയുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. അരിയുന്ന കട്ടിംഗ് ബോർഡിൽ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയശേഷം അരിഞ്ഞാൽ നല്ലതാണ്. ഇത് ഉള്ളിലെ രാസപ്രവർത്തനത്തെ തടസപ്പെടുത്തുന്നു.