
മലയാളികൾക്ക് ഏറെ സുപരിചിതയായ നടി ഊർമിളാ ഉണ്ണിയുടെ മകളാണ് ഉത്തരാ ഉണ്ണി. അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും ഉത്തരാ ഉണ്ണി ഇപ്പോഴും സജീവമാണ്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2012ൽ തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രം 'വവ്വാൽ പസംഗ'യിലൂടെയാണ് താരം അഭിനയത്തിലേക്ക് കടുന്നുവരുന്നത്. മലയാളത്തിൽ ഇടവപ്പാതിയെന്ന ചിത്രത്തിലും ഉത്തരാ ഉണ്ണി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഉത്തര.
'സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ ഫോൺ കോളുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. തമിഴിൽ നിന്നാണ് കൂടുതൽ കോളുകളും വന്നത്. സംവിധായകൻ ശരവണന്റെ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തെന്നായിരുന്നു ഫോൺ കോൾ. ഉടൻ ബംഗളൂരുവിൽ എത്തണമെന്നും ഷൂട്ടിംഗ് തുടങ്ങണമെന്നും അവർ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്റെ വസ്ത്രത്തിന്റെ അളവും ഷൂസിന്റെ അളവുംവരെ ചോദിച്ച് മനസിലാക്കി. പിന്നീട് തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിൽ അംഗത്വമെടുക്കാൻ വിളിച്ചയാൾ പണം ആവശ്യപ്പെടുകയായിരുന്നു.
അതോടെ എനിക്ക് സംശയം തോന്നി. അമ്മ തമിഴ് സിനിമയിലെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു സിനിമ ഇല്ലെന്നറിയാൻ സാധിച്ചത്. വളരെയധികം പ്രതീക്ഷയോടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പക്ഷെ വിചാരിച്ച പോലെ ഒന്നും നടന്നില്ല. നന്നായി കഷ്ടപ്പെട്ടാണ് ആദ്യ മലയാള ചിത്രത്തിൽ അഭിനയിച്ചത്. പക്ഷെ ആ സിനിമ വിജയിച്ചില്ല. അതെനിക്ക് വലിയ സങ്കടമുണ്ടായി. അഭിനയരംഗത്ത് ഞാൻ വിജയിച്ചിരുന്നെങ്കിൽ ഒരിക്കലും നൃത്തത്തിലേക്കോ സംവിധാനത്തിലേക്കോ കടന്നുവരില്ലായിരുന്നു'- ഉത്തരാ ഉണ്ണി പറഞ്ഞു.