
കൊൽക്കത്ത: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിജെപി പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനമേറ്റു. പശ്ചിമ ബംഗാളിലെ നഗ്രകതയിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ബിജെപി എംപി ഖഗേൻ മുർമു, എംഎൽഎ ശങ്കർ ഘോഷ് എന്നിവർക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവത്തിന്റെ തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിജെപി നേതാക്കളുടെ കാറിന്റെ മുൻഭാഗം തകർന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അക്രമം സംഘടിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വടക്കൻ ബംഗാൾ വെള്ളപ്പൊക്കത്തിൽ വലയുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി സെലിബ്രിറ്റികൾക്കൊപ്പം കാർണിവലിൽ നൃത്തം ചെയ്തെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഈ മനുഷ്യത്വ രഹിതമായ പ്രവർത്തിയെ പശ്ചിമബംഗാളിലെ ജനങ്ങൾ പുച്ഛിക്കുന്നതിലെ പരിഭ്രാന്തിയാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ബിജെപി നേതാക്കൾ ദുരിതബാധിതരെ സഹായിക്കാൻ സ്ഥലത്തുണ്ടായിരുന്നെന്നും സുവേന്ദ് അധികാരി പറഞ്ഞു. ബിജെപി അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടസ്സപ്പെടുത്താനാണ് മമതാ ബാനർജി തന്റെ ഗുണ്ടകളെ അഴിച്ചുവിട്ട് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും എക്സിൽ പങ്ക് വച്ച പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആരോപണങ്ങളോട് തൃണമൂൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമബംഗാളിലെ ഉയർന്ന പ്രദേശങ്ങളിൽ 48 മണിക്കൂറായി തുടരുന്ന മഴയാണ് ഡാർജിലിംഗ് , കലിംപോങ്, ജൽപൈഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇതുവരെ 24 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്.