auto-rickshaw

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ നല്ലൊരു ഭാഗം യാത്രക്കാരും സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഓട്ടോറിക്ഷ പോലുള്ള ടാക്‌സികളെ ആശ്രയിക്കുന്നവരുടെ എണ്ണവും തീരെ കുറവല്ല. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഓട്ടം വിളിക്കുന്ന യാത്രക്കാര്‍ ഉന്നയിക്കുന്ന പ്രധാന പരാതി ചെറിയ ദൂരങ്ങളിലേക്ക് വിളിച്ചാല്‍ ഭൂരിഭാഗം ഓട്ടോ ഡ്രൈവര്‍മാരും തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ആലപ്പുഴയിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം പരാതികള്‍ക്ക് മേല്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍.

പ്രീപെയ്ഡ് കൗണ്ടറുകളുടെ അഭാവമാണ് ഈ പ്രശ്‌നത്തിനുള്ള പ്രധാന കാരണമെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്. ഓട്ടോറിക്ഷകളോ ടാക്‌സികളോ ഹ്രസ്വദൂര ഓട്ടം നിരസിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു റെയില്‍വേമോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോ - ടാക്‌സി പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത് യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയാണെന്നും അവര്‍ വിളിക്കുന്ന ഓട്ടം ഹ്രസ്വദൂരമാണെങ്കില്‍ ഒഴിവാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഹ്രസ്വദൂരമെന്നോ ദീര്‍ഘദൂരമെന്നോ വേര്‍തിരിവ് ഇല്ലാതെ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സവാരി പോകുവാന്‍ ഡ്രൈവര്‍മാര്‍ ബാദ്ധ്യസ്ഥരാണെന്നും റെയില്‍വേ അധികാരികള്‍ പ്രതികരിച്ചു. ഈ വിഷയം ചൂണ്ടിക്കാണിച്ച് യാത്രക്കാരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണയായി പ്രീപെയ്ഡ് കൗണ്ടറും പൊലീസ് എയ്ഡ് പോസ്റ്റും ശബരിമല സീസണ്‍ കാലത്ത് മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ. ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.