
ഫ്ലോറിഡ: ക്ലാസിന് ഇടയിൽ സഹപാഠിയെ കൊല്ലുന്നതെങ്ങനെയെന്ന് ചാറ്റ് ജി.പി.ടിയോട് ചോദിച്ച 14 വയസുകാരൻ അറസ്റ്റിൽ. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ചാറ്റ് ജി.പി.ടിയോട് ഇത്തരത്തിൽ ചോദ്യം ചോദിച്ചത്. എഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാഗിൾ എന്ന മോണിറ്ററിങ് സംവിധാനമാണ് ഇതേക്കുറിച്ച് അലേർട്ട് നൽകിയത്. തുടർന്ന് സ്കൂൾ പൊലീസ് ഓഫീസർ എത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. പിന്നീട് വോളൂസിയ കൗണ്ടി ഷെരീഫ് ഓഫീസിലെ ലോക്കൽ പോലീസ് എത്തി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു.
താൻ ഒരു സുഹൃത്തിനെ ട്രോളുകയായിരുന്നു എന്നാണ് വിഷയത്തിൽ കുട്ടിയുടെ പ്രതികരണം. എന്നാൽ, അമേരിക്കയിൽ സ്കൂൾ കുട്ടികൾ പ്രതികളാകുന്ന വെടിവയ്പ്പുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഭവത്തെ നിസാരമായി തള്ളിക്കളയാൻ അധികാരികൾ തയ്യാറായില്ല. അറസ്റ്റ് ചെയ്ത കുട്ടിയെ കൗണ്ടി ജയിലിൽ അടച്ചു. വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചാറ്റ് ജി.പി.ടിയിലെയും ഇന്റർനെറ്റിലെയും കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. കുട്ടികൾ ഇത്തരത്തിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഗാഗിൾ എന്ന മോണിറ്ററിംഗ് സംവിധാനമാണ് വിഷയം അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ചത്. സ്കൂൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണമാണ് ഗാഗിൾ. കുട്ടികളിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഈ സിസ്റ്റം സഹായിക്കുന്നു. എന്നാൽ നിരവധി തെറ്റായ മുന്നറിയിപ്പുകളും ഗാഗിൾ നൽകാറുണ്ടെന്ന് വിമർശകർ പറയുന്നു. സ്കൂൾ കാമ്പസിനുള്ളിലെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഈ സംവിധാനമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.