finance

ജീവിതച്ചെവല് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സാമ്പത്തികഞെരുക്കം പലരേയും ബാധിക്കുന്ന ഒന്നാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ഇഎംഐ അടയ്ക്കാനും അത്യാവശ്യ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനും പോലും കഴിയാത്തവരാണ് ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ കൈയില്‍ സമ്പത്തുള്ളവരുടെ കാര്യം നേരെ തിരിച്ചാണ്. അവര്‍ക്കും ഈ പറഞ്ഞ ചെലവുകളുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം ഒരിക്കലും അവരെ ബാധിക്കുന്നില്ല.

സമ്പന്നര്‍ക്ക് ചെലവുകളുണ്ടെങ്കിലും അവരുടെ വരുമാനം ഒരിക്കലും ശമ്പളം മാത്രമല്ല. അല്ലെങ്കില്‍ ശമ്പളത്തെ മാത്രം ആശ്രയിച്ചല്ല അവര്‍ ജീവിതശൈലി രൂപപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യം തുക മിച്ചം പിടിക്കുകയോ അധിക വരുമാനം കണ്ടെത്തുകയോ ചെയ്യേണ്ടത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യാവശ്യമാണ്. കിട്ടുന്ന ശമ്പളം അത്യാവശ്യത്തിന് തികയുന്നില്ല പിന്നെയല്ലേ മിച്ചം പിടിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ ആദ്യം മാറ്റേണ്ടത് ആ ചിന്താഗതിയാണ്. അല്‍പ്പം ബുദ്ധിയും സാമ്പത്തികമായ അച്ചടക്കവും പ്രയോഗിച്ചാല്‍ ഏതൊരാള്‍ക്കും സമ്പന്നനായി മാറാന്‍ സാധിക്കും.

ശമ്പളം ഉള്‍പ്പെടെ ഇന്ത്യയില്‍ പണം സമ്പാദിക്കാന്‍ നിയമപരമായ പല മാര്‍ഗങ്ങളും നിലവിലുണ്ട്. എന്നാല്‍ അധികമാരും അതിനായി സമയം ചെലവഴിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശമ്പള വരുമാനത്തിന് പുറമേ സ്വയം തൊഴില്‍ വരുമാനത്തില്‍ നിന്നുള്ള ലാഭം, പലിശ വരുമാനം, വാടക വരുമാനം, മൂലധന നേട്ട വരുമാനം, ഡിവിഡന്റ് വരുമാനം, റോയല്‍റ്റി വരുമാനം എന്നിവ രാജ്യത്തെ നിയമസാധുതയുള്ള മാര്‍ഗങ്ങളാണ്.

ശമ്പളത്തില്‍ നിന്നുള്ള വരുമാനം ലഭിക്കാന്‍ ഒരു ജോലി സമ്പാദിക്കുകയെന്ന കാര്യം മാത്രമേയുള്ളൂ. സ്വയം തൊഴില്‍ വരുമാനം എന്നത് വലിയ സാദ്ധ്യതയുള്ള ഒന്നാണ്. അതില്‍ നിന്നാണ് ലാഭ വരുമാനം ഉത്പാദിപ്പിക്കാന്‍ കഴിയുക. കച്ചവട സാദ്ധ്യതയാണ് ഇവിടെ ഉപയോഗിക്കാവുന്നത്. അതായത് ഒരു സാധനം നേരിട്ട് വാങ്ങി വില്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലാഭമായി വരുമാനം സ്വന്തമാക്കാം. പൊതു മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ഒരു സാധനത്തിന് 15 രൂപയാണ് വിലയെന്ന് കരുതുക. ഇത് മൊത്തകച്ചവടക്കാരില്‍ നിന്ന് വാങ്ങി നിങ്ങള്‍ മറിച്ച് വില്‍പ്പന നടത്തിയാല്‍ അതിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിക്കും.

പലിശയില്‍ നിന്നുള്ള വരുമാനം ലഭിക്കുന്നതിനായി നമ്മുടെ കയ്യിലുള്ള പണം ബാങ്കിലോ മറ്റോ നിക്ഷേപിച്ചാല്‍ നിശ്ചിത തുക പലിശ വരുമാനമായി ലഭിക്കും. നിക്ഷേപിച്ച പണം പൂര്‍ണമായും പിന്‍വലിച്ചാല്‍ പലിശയും നിലയ്ക്കും. വാടക വരുമാനമെന്നാല്‍ നിങ്ങളുടെ വീടോ, അല്ലെങ്കില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമോ വാടകയ്ക്ക് നല്‍കിയാല്‍ ലഭിക്കുന്ന വരുമാനമാണ്. സമ്പന്നരായിട്ടുള്ള പലരും അധികവരുമാനം സമ്പാദിക്കുന്നത് ഈ മാര്‍ഗം ഉപയോഗിച്ചുകൊണ്ടാണ്. മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി കേള്‍ക്കുന്നത് ഗുണകരമായിരിക്കും.