sa-won

ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍വി വഴങ്ങിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിനായി ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ദ്ധ സെഞ്ച്വറി നേടി സുന്‍ ലൂസ് പുറത്താകാതെ നിന്നു. 40.5 ഓവറുകളില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ദയനീയമായി തോല്‍വി വഴങ്ങിയ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 26ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടി 14(10)ന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ തസ്മിന്‍ ബ്രിറ്റ്‌സ് 101(89) - സുന്‍ ലൂസ് 81*(114) സഖ്യം 159 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. മാരിസന്‍ കേപ് 14(15), അനേക് ബോഷ് 0(4) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച സുന്‍ ലൂസ് സിനാലോ ജാഫ്തയ്ക്ക് 6*(14) ഒപ്പം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 47.5 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 85(98) ആണ് ടോപ് സ്‌കോറര്‍. ബ്രൂക് ഹാലിഡേ 45(37), ഓപ്പണര്‍ ജോര്‍ജിയ പ്ലിമര്‍ 31(68) എന്നിവരാണ് പിന്നീട് ബാറ്റിംഗില്‍ ഭേദപ്പട്ട പ്രകടനം കാഴ്ചവച്ചത്. അമേലിയ ഖേര്‍ 23(42) റണ്‍സ് അടിച്ചു. സൂസി ബേറ്റ്‌സ് 0(1), മാഡി ഗ്രീന്‍ 4(7), വിക്കറ്റ് കീപ്പര്‍ ഇസബെല്‍ ഗെയ്‌സ് 10(9) എന്നീ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

ജെസ് ഖേര്‍ 2(8), ലെ തഹാഹു 5(9), ഈഡന്‍ കാഴ്‌സണ്‍ 4(4), ബ്രീ ലിലിംഗ് 1*(4) എന്നിങ്ങെനെയാണ് മറ്റുള്ളവരുടെ സംഭാവന. നാല് വിക്കറ്റ് വീഴ്ത്തിയ ഓന്‍കുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മാരിസന്‍ കേപ്, അയാബോംഗ ഖാക, നാദിന്‍ ഡി ക്ലെര്‍ക്, ഷ്‌ലോ ടൈറണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.