loka-

മലയാളത്തിൽ സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്ടർ 1 ചന്ദ്ര. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലോക 300 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ്. സിനിമ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുതകയാണ്. ഇതിനിടെ പാർവതി. ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റ് എന്ന് നടി നൈല ഉഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരാനുള്ള സ്പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന് ഡബ്ല്യു.സി.സി അംഗം കൂടിയായ റിമ കല്ലിങ്കലും പറഞ്ഞിരുന്നു . ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകരനുമായ വിജയ് ബാബു.

മലയാളത്തിൽ മുൻപ് ഇറങ്ങിയ സ്ത്രീപക്ഷ സിനിമകളെ ചൂണ്ടിക്കാണിച്ചായിരുന്നു വിജയ് ബാബു ഫേസ്ബുക്കിൽ കുറിപ്പി പങ്കുവച്ചത്. 'വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആ​ദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാ​ഗ്നി, എന്റെ സൂര്യ പുത്രിക്ക്, ആകാശദൂത്, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, ഹൗ ഓൾഡ് ആർയു, 22 ഫീമെയിൽ കോട്ടയം... തുടങ്ങി ഒട്ടനവധി സിനിമകളുടെ ക്രെഡിറ്റും സ്പേയ്സും ആരും എടുക്കാത്തതിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു പറഞ്ഞു .. മലയാളം എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറിയപ്പോൾ, പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒ.ടി.ടിയുടെ സഹായത്തോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിൽ എത്തിയപ്പോൾ, ആഗോള നിലവാരവും ലളിതവും നേരായതുമായ കണ്ടന്റുകൾ നമ്മൾ ഉണ്ടാക്കാൻ തുടങ്ങി. അതിന് വേണ്ടിയുള്ള സ്പേസ് കണ്ടെത്തി സിനിമ നിർമിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ടീം വേഫെയറിനും ലോകക്കും മാത്രം അവകാശപ്പെട്ടതാണ്', എന്നും വിജയ് ബാബു കുറിച്ചു.