
തൃപ്പൂണിത്തുറ: ഒരിടവേളയ്ക്കു ശേഷം നിറം കലര്‍ത്തിയ വ്യാജ ചായപ്പൊടി അതിര്‍ത്തി കടന്നെത്തുന്നു. ചില കടകളില്‍ ഇത് ഉപയോഗിക്കുന്നതായും കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത വിലകുറഞ്ഞ തേയിലപ്പൊടിയുടെ വില്പന തകൃതിയായി നടക്കുകയാണ്. സാധാരണ ചായപ്പൊടി ഒരു കിലോഗ്രാമിന് 400 ചായ ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ മായം കലര്‍ന്ന ചായപ്പൊടി കൊണ്ട് 800 മുതല്‍ ആയിരം ചായ വരെ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കുറഞ്ഞ ചെലവ്, മണവും വിലക്കുറവും എന്നീ ഘടകങ്ങളാണ് ഹോട്ടല്‍ ഉടമകളെയും തട്ടുകടക്കാരെയും ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്.
കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജപ്പൊടി എത്തുന്നത്. ചോക്ലേറ്റ് ബ്രൗണ്‍, സണ്‍സെറ്റ് യെലോ, കാരമൈന്‍ തുടങ്ങിയ കൃത്രിമ നിറങ്ങളാണ് ചേര്‍ക്കുന്നത്. ഇത്തരം ചായ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തേയിലപ്പൊടി ചണ്ടി ശേഖരണം
ഹോട്ടലുകളിലും ചായക്കടകളിലും ഉപയോഗിച്ച തേയിലപ്പൊടി ചണ്ടി ശേഖരിക്കുന്ന സംഘവും സജീവമാണ്. ഇങ്ങനെ ശേഖരിക്കുന്ന ചണ്ടികളില്‍ കൃത്രിമ രാസപദാര്‍ത്ഥങ്ങളും കുറച്ച് നല്ല തേയിലയും ചേര്‍ത്താണ് വിപണിയില്‍ എത്തിക്കുന്നത്.
തിരിച്ചറിയല്‍ എളുപ്പം
ലിറ്റ്മസ് പേപ്പറില്‍ ഒരു സ്പൂണ്‍ ചായപ്പൊടിയിട്ട് അതിനു മുകളില്‍ ഒന്നോ രണ്ടോ തുള്ളി വെള്ളം ഇറ്റിക്കുക, അല്പ സമയത്തിനു ശേഷം കഴുകിക്കളയുക. നിറം കലര്‍ത്തിയതാണെങ്കില്‍ മഞ്ഞ നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കടുത്ത കറ ലിറ്റ്മസ് പേപ്പറില്‍ കാണാം.
മാസത്തില്‍ ഇരുപത്തിയഞ്ചോളം തവണ റാന്‍ഡം സിസ്റ്റത്തില്‍ സാമ്പിള്‍ പരിശോധന നടത്താറുണ്ട്. തൃപ്പൂണിത്തുറയില്‍ ഇതുവരെ ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുന്‍പ് പെരുമ്പാവൂര്‍ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ട്. ഫുഡ് സേഫ്റ്റി ഓഫീസര്‍, തൃപ്പൂണിത്തുറ