
കോട്ടയം: കെ.എസ്.ആർ.ടി.സി. ബസിൽ വെള്ളക്കുപ്പികൾ കൂട്ടിയിട്ടതിന്റെ പേരിൽ നടപടി നേരിട്ട ഡ്രൈവർ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണതിന് പിന്നാലെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തേയ്ക്ക് മാറ്റുന്നു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ് ആണ് കുഴഞ്ഞുവീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചായിരുന്നു സംഭവം.
ബസിൽ വെള്ളക്കുപ്പികൾ കൂട്ടിയിട്ടതിന്റെ പേരിൽ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്. സജീവ്,മെക്കാനിക്കൽ വിഭാഗത്തിലെ ചാർജ്മാൻ വിനോദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജെയ്മോൻ ജോസഫിനെ തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശ്ശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്.
സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ജെയ്മോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും താൻ മരുന്ന് കഴിക്കുന്നുണ്ടെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിന് മുന്നിൽ സൂക്ഷിച്ചിരുന്നതെന്നും ജെയ്മോൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെയ്മോനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഈ മാസം ഒന്നിനാണ് ജെയ്മോൻ അടക്കമുള്ളവരെ സ്ഥലം മാറ്റിയത്. ജെയ്മോൻ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരൻ ബി.എം.എസ് അംഗവുമാണ്. സംഭവത്തിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധം അറിയിച്ചപ്പോൾ നടപടി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥലംമാറ്റിയുള്ള ഉത്തരവ് വരികയായിരുന്നു.
തിരുവനന്തപുരത്തുനിന്നു പത്തനാപുരത്തേക്കു പോവുകയായിരുന്ന മന്ത്രി, ആയൂർ ടൗണിൽ വച്ചാണു ബസ് കാണുന്നത്. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വാഹനം തിരിച്ചു തിരുവനന്തപുരം റോഡിൽ ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ബസിൽ വെള്ളക്കുപ്പികൾ കൂട്ടിയിട്ടതിന്റെ പേരിൽ ജീവനക്കാരെ പുറത്തിറക്കി ശകാരിക്കുകയായിരുന്നു.