
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ആദ്യമായി അപൂർവ ഭൗമ മൂലകങ്ങളും ധാതുക്കളും അമേരിക്കയിലേയ്ക്ക് കയറ്റി അയച്ചിരിക്കുകയാണ്. പാകിസ്ഥാനും അമേരിക്കൻ സ്ഥാപനമായ യുഎസ് സ്ട്രാറ്റജിക് മെറ്റൽസും (യുഎസ്‌എസ്‌എം) തമ്മിലെ കരാർ പ്രകാരമാണിത്. കോപ്പർ കോൺസൻട്രേറ്റ്, ആന്റിമണി, അപൂർവ ഭൗമ മൂലകങ്ങളായ നിയോഡൈമിയം, പ്രാസോഡൈമിയം എന്നിവയാണ് പാകിസ്ഥാൻ കയറ്റി അയച്ചത്. ഏകദേശം 500 മില്യൺ ഡോളറിന്റേതാണ് കരാർ. പാകിസ്ഥാനിൽ ധാതു പര്യവേക്ഷണം, സംസ്കരണം, ശുദ്ധീകരണം എന്നിവ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.
പാകിസ്ഥാനും അമേരിക്കയും തമ്മിലെ പങ്കാളിത്തത്തിന്റെ നാഴികക്കല്ല് എന്നാണ് കരാറിനെ യുഎസ്എസ്‌എം വിശേഷിപ്പിച്ചത്. പുതിയ കരാർ പാകിസ്ഥാനിൽ വിദേശ നിക്ഷേപം, തൊഴിൽ ബാഹുല്യത, ആധുനിക സാങ്കേതിക വിദ്യകളുടെ വികാസം എന്നിവയ്ക്ക് വഴിതുറക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ മാസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും വൈറ്റ് ഹൗസ് സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അപൂർവ ഭൗമ മൂലകങ്ങൾ അടങ്ങിയ ഒരു പെട്ടി സമ്മാനിച്ചതോടെയാണ് നയതന്ത്ര നീക്കങ്ങൾക്ക് ശക്തി പ്രാപിച്ചത്.
എന്നാൽ പാർലമെന്റിന്റെ അനുവാദമില്ലാതെ സർക്കാർ രഹസ്യ കരാറിൽ ഒപ്പുവച്ചതായാണ് പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് - ഇൻസാഫ് (പിടിഐ) ആരോപിക്കുന്നത്. സർക്കാരിന്റെ പ്രവൃത്തിയിൽ സുതാര്യതയില്ലെന്നും ഇത്തരം അശ്രദ്ധവും, അലസത നിറഞ്ഞതും, രഹസ്യ സ്വഭാവമുള്ളതുമായ കരാറുകൾ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും പിടിഐ ഇൻഫർമേഷൻ സെക്രട്ടറി ഷെയ്‌ഖ് വഖാസ് അക്രം മുന്നറിയിപ്പ് നൽകി.
എന്താണ് അപൂർവ ഭൗമ മൂലകങ്ങൾ
ആധുനിക സാങ്കേതിക വിദ്യകൾക്ക് നിർണായകമായ 17 ലോഹങ്ങളാണ് റെയർ എർത്ത് എലമെന്റ്‌സ് (ആർഇഇ) അഥവാ അപൂർവ ഭൗമ മൂലകങ്ങളിൽ ഉൾപ്പെടുന്നത്. 15 ലാന്തനൈഡുകൾ, സ്‌കാൻഡിയം, യിട്രിയം എന്നിവയാണ് ആർഇഇയിൽ ഉൾപ്പെടുന്നത്. ഭൂമിയുടെ പുറം പാളിയിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. അസാധാരണ ധാതു രൂപങ്ങളിലാണ് ഇവ കാണപ്പെടുന്നത് എന്നതിനാലും ഉയർന്ന സാന്ദ്രതയുള്ള നിക്ഷേപങ്ങൾ കണ്ടെത്തുന്നതിലെ പ്രതിസന്ധികളും കണക്കിലെടുത്താണ് ഇവയെ അപൂർവ മൂലകങ്ങളായി വിശേഷിപ്പിക്കുന്നത്.
കാന്തിക ശക്തി, ചാലകത, പ്രകാശതീവ്രത തുടങ്ങിയ സവിശേഷമായ ഭൗതിക, രാസ ഗുണങ്ങളിലാണ് അപൂർവ ഭൗമ മൂലകങ്ങളുടെ യഥാർത്ഥ പ്രാധാന്യം. ഇത് കാന്തങ്ങൾ, ഇലക്ട്രിക് വാഹന മോട്ടോറുകൾ, കാറ്റാടി ടർബൈനുകൾ, സ്മാർട്ട്‌ഫോണുകൾ, പ്രതിരോധ സംവിധാനങ്ങൾ, അർദ്ധചാലകങ്ങൾ എന്നിവയുടെ നിർമാണത്തിൽ നിർണായകമാവുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വ്യാപിക്കുന്നതിനാൽ അപൂർവ മൂലകങ്ങളുടെ ഡിമാൻഡും പ്രതിദിനം വർദ്ധിക്കുകയാണ്. അപൂർവ ഭൗമ മൂലകങ്ങളുടെ ഉത്‌പാദനത്തിലും സംസ്‌കരണത്തിലും ലോകത്ത് ചൈനയാണ് മുന്നിൽ. മൂലകങ്ങൾക്കായി ചൈനയെ ആശ്രയിക്കാതിരിക്കാൻ മറ്റ് രാജ്യങ്ങളും ഇവയുടെ ഉത്‌പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
അപൂർവ മൂലകങ്ങളുടെ കരുതൽ ശേഖരമുള്ള രാജ്യങ്ങൾ
ചൈന
44 ദശലക്ഷം മെട്രിക് ടൺ ശേഖരമാണ് ചൈനയിലുള്ളത്. കരുതൽ ശേഖരത്തിനപ്പുറത്തേക്ക് അപൂർവ മൂലകങ്ങളിൽ ചൈന ആധിപത്യം പുലർത്തുകയും ചെയ്യുന്നു. ആഗോള ശുദ്ധീകരണം, വേർതിരിക്കൽഎന്നിവയുടെ ഭൂരിഭാഗവും ചൈനയാണ് നിയന്ത്രിക്കുന്നത്. സമീപ വർഷങ്ങളിൽ, സ്വന്തം നിക്ഷേപങ്ങൾ കുറയുന്നത് ഒഴിവാക്കാൻ മ്യാൻമറിൽ നിന്ന് താഴ്ന്ന ഗ്രേഡിൽ അപൂർവ ഭൗമ മൂലകങ്ങൾ ചൈന ഇറക്കുമതി ചെയ്തു.
ബ്രസീൽ
21 ദശലക്ഷം അപൂർവ ഭൗമ ധാതുക്കളുമായി ബ്രസീൽ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവർഷശം വാണിജ്യ ഉത്‌പാദനം ആരംഭിച്ച ബ്രസീൽ 2026ഓടെ ഉത്‌പാദനം 5000 മെട്രിക് ടൺ ആയി ഉയർത്താനുള്ള നീക്കത്തിലാണ്.
ഇന്ത്യ
ഏകദേശം 6.9 ദശലക്ഷം മെട്രിക് ടൺ കരുതൽ ശേഖരവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിലെ ബീച്ച്, മണൽ ധാതു നിക്ഷേപങ്ങളുടെ ഏകദേശം 35 ശതമാനവും ഇന്ത്യയിലാണ്. പ്രത്യേകിച്ച് തമിഴ്‌നാട്, ഒഡീഷ, കേരളം എന്നിവിടങ്ങളിൽ വിലയേറിയ ആർഇഇ ഉൾപ്പെടുന്ന മോണാസൈറ്റും ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയ
നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയിൽ ഏകദേശം 5.7 ദശലക്ഷം മെട്രിക് ടൺ ശേഖരമാണുള്ളത്. 2024 ൽ 13,000 ടൺ ഉത്പാദിപ്പിച്ചിരുന്നു. ഖനനം ആരംഭിച്ചത് 2007 ൽ ആണെങ്കിലും, വരും വർഷങ്ങളിൽ രാജ്യത്തിന്റെ ഖനനപ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
റഷ്യ
റഷ്യയുടെ കരുതൽ ശേഖരം 3.8 ദശലക്ഷം മെട്രിക് ടൺ ആണ്. 2024 ൽ രാജ്യത്തിന്റെ ഉത്പാദനം 2,500 മെട്രിക് ടണ്ണായിരുന്നത് നിലവിൽ തുടരുകയാണ്.
വിയറ്റ്‌നാം - 3.5 മില്യൺ മെട്രിക് ടൺസ്
യുഎസ് - 1.9 മില്യൺ മെട്രിക് ടൺസ്
ഗ്രീൻലാൻഡ് - 1.5 മില്യൺ മെട്രിക് ടൺസ്
ടാൻസാനിയ - 900,000 മെട്രിക് ടൺസ്
ദക്ഷിണാഫ്രിക്ക് - 900,000 മെട്രിക് ടൺസ്