indian-expat

ദുബായ്: ഡിസംബറിലെ അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. വിമാന ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്താൽ കുറഞ്ഞ വിലയ്ക്ക് കിട്ടും. അവധിക്കാലം അടുക്കുന്ന സമയത്ത് ബുക്ക് ചെയ്താൽ 50 ശതമാനം വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യോമയാന മേഖലയിലെ വിദഗ്ദർ പറയുന്നു.

നവംബർ അവസാന വാരം ടിക്കറ്റെടുക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ അതിന് പകരം, ഇപ്പോൾ ബുക്ക് ചെയ്താൽ മുപ്പത് മുതൽ 40 ശതമാനം വരെ ലാഭിക്കാൻ സാധിക്കുമെന്ന് ട്രാവൽ എജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു. ദുബായ്- ലണ്ടൻ റൂട്ടിൽ 2800 ദിർഹമാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. ഇത് നവംബർ അവസാനത്തോടെ 3800 മുതൽ 4200 ദിർഹം വരെ വർദ്ധിച്ചേക്കാം. ഡിസംബറിന്റെ ആരംഭത്തോടെ ഈ നിരക്ക് ഇനിയും ഉയരുമെന്ന് ട്രാവൽ എജൻസി പ്രതിനിധികൾ പറയുന്നു.

ഡിസംബർ 2, 3 തീയതികളിൽ യുഎഇ ദേശീയ ദിനത്തിന്റെ അവധിയാണ്. ശേഷമുള്ള ക്രിസ്മസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് ഒട്ടേറെ പ്രവാസികളാണ് നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നത്. ഡിസംബർ 20 മുതൽ 28 വരെയാണ് തിരക്കേറിയ ദിവസങ്ങൾ. ഈ സമയത്ത് ആവശ്യകത വർദ്ധിക്കുന്നതിനാൽ മുപ്പത് മുതൽ അമ്പത് ശതമാനം വരെ ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കാം. ഈ സമയത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താൽ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാം.