
കൊച്ചി: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചതോടെ ജീവിതം മാറാൻ പോകുകയാണെന്ന് ഭാഗ്യവാൻ ശരത് എസ് നായർ. പണം ലഭിച്ചതിന് ശേഷം എന്തു ചെയ്യണമെന്നകാര്യത്തെക്കുറിച്ച് പ്ലാൻ ചെയ്യുകയാണെന്നും ചില സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യുന്ന നിപ്പോൺ പെയിന്റ്സിൽ ഡ്യൂട്ടിക്കെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത്. ജോലി ഇനി തുടരുമോ എന്ന ചോദ്യത്തിനും ശരത് മറുപടി നൽകി.
'ഇപ്പോൾ ചെയ്യുന്ന ജോലി തുടരാൻ തന്നെയാണ് തീരുമാനം. ജോലിയുമായി മുന്നോട്ടു പോകും. സ്വന്തമായി ബിസിനസ് ചെയ്യുമോ എന്ന കാര്യങ്ങളൊക്കെ പിന്നീട് ആലോചിച്ച് തീരുമാനിക്കും. ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പണം ലഭിക്കുമെന്നാണ് അറിയിച്ചത്. ഒരു ക്ലാരിറ്റി ലഭിക്കാത്തത് കൊണ്ടാണ് ബമ്പറടിച്ച വിവരം സഹപ്രവർത്തകരോടു പോലും പറയാതിരുന്നത്'- ശരത് പറഞ്ഞു.
ഈശ്വരകടാക്ഷം കൊണ്ടാണ് ഭാഗ്യം തേടിയെത്തിയതെന്ന് ശരത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്കു ശേഷം പിറന്ന മകൻ ആഗ്‌നേയ് കൃഷ്ണന്റെ ഭാഗ്യമാണ് ബമ്പറെന്നും ശരത് പറഞ്ഞു. വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കണം. അച്ഛന് നല്ല ചികിത്സ നൽകണം. അതാണ് ശരത്തിന്റെ ആദ്യ പ്ളാൻ. പണം അക്കൗണ്ടിൽ വന്ന ശേഷം ബാക്കി പദ്ധതികൾ തീരുമാനിക്കും. ധൃതി പിടിച്ച് പദ്ധതികളൊന്നും ആസൂത്രണം ചെയ്യുന്നില്ലെന്നും വല്ലപ്പോഴും ലോട്ടറി എടുക്കുമെന്നും ശരത് പറഞ്ഞിരുന്നു.