
ലക്‌നൗ: ഭാര്യ രാത്രിയാകുമ്പോൾ പാമ്പായി മാറുമെന്ന് യുവാവ്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് വിചിത്ര അവകാശവാദവുമായി യുവാവ് രംഗത്തെത്തിയത്. മഹ്മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമത്തിലെ മിരാജ് എന്ന യുവാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ രാത്രി പാമ്പായി മാറിയെന്നും തന്നെ കടിക്കാൻ ഓടിച്ചെന്നും ഇയാൾ പറയുന്നു. ജില്ലാ മജിസ്ട്രേറ്റിന് മുന്നിലാണ് മിരാജ് പരാതി പറഞ്ഞത്. നസീമുൻ എന്ന തന്റെ ഭാര്യ തന്നെ പലതവണ കൊല്ലാൻ ശ്രമിച്ചുവെന്നും അയാൾ ആരോപിക്കുന്നുണ്ട്.
'എല്ലാദിവസം രാത്രി ഭാര്യ എന്നെ കൊല്ലാൻ ശ്രമിക്കും. പക്ഷേ കൃത്യസമയത്ത് ഞാൻ ഉണരുന്നതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ട്. ഞാൻ ഉറങ്ങുന്ന സമയത്ത് അവൾ എന്നെ കൊല്ലാൻ സാദ്ധ്യതയുണ്ട്. ഒരു തവണ എന്നെ കടിക്കുകയും ചെയ്തു'- മിരാജ് വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവാവിന്റെ പരാതി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ചിലർ ഇതിനെ തമാശയായാണ് കാണുന്നത്. മറ്റ് ചിലർ ഇതിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കുന്നു.
മിരാജ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് രാജ്പൂർ ഗ്രാമത്തിൽ നിന്നുള്ള നസീമുനയെ വിവാഹം കഴിച്ചത്. തുടക്കത്തിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നാലെ ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി മിരാജ് പറയുന്നു. കൂടാതെ ഭാര്യയ്ക്ക് മാനസികപ്രശ്നം ഉള്ളതായും ഇയാൾ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മിരാജ് ഒരു മന്ത്രവാദിയുടെ സഹായം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. നസീമുൻ നിലവിൽ അവരുടെ മാതാപിതാകൾക്കൊപ്പമാണ് താമസിക്കുന്നത്.