beauty

ഇന്നത്തെ കാലത്ത് ലിപ്‌സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പല നിറത്തിൽ പല ബ്രാൻഡുകളിലുള്ള ലിപ്‌സ്റ്റിക്കുകളും ലിപ് കളറുകളുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, എത്ര വിലകൂടിയവയായിരുന്നാലും ഇവ പതിവായി ഉപയോഗിക്കുമ്പോൾ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാകാം.

പതിവായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌‌നമാണ് ചുണ്ടുകൾ കറുത്ത് പോവുകയെന്നത്. പിന്നീട് ഇത് മറയ്ക്കാൻ ലിപ്സ്റ്റിക് ഒഴിവാക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തുന്നു. ചുണ്ടിലെ കറുപ്പ് മാറ്റി നിറം വയ്ക്കാൻ ചില വിദ്യകളുണ്ട്. ഇത് ചെയ്‌താൽ ആദ്യ ഉപയോഗത്തിൽത്തന്നെ ഫലം ഉറപ്പാണ്. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.

1. കറ്റാർവാഴ ജെൽ, വെളിച്ചെണ്ണ

ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഈ കൂട്ട് ചുണ്ടിൽ പുരട്ടിക്കൊടുക്കണം. രാവിലെ കഴുകി കളയാവുന്നതാണ്. എല്ലാ ദിവസവും ഈ മാർഗം പരീക്ഷിക്കാം. വരണ്ടുണങ്ങി പൊട്ടിയ ചുണ്ടുകൾ നല്ല മൃദുവാക്കി മാറ്റാൻ ഈ എളുപ്പവഴി സഹായിക്കും.

2. മഞ്ഞൾ, പാൽപ്പാട

ഒരു നുള്ള് കസ്‌തൂരിമഞ്ഞൾ പൊടിയും അൽപ്പം പാൽപ്പാടയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുക. പത്ത് മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ വേണം കഴുകാൻ. ആഴ്‌‌ചയിൽ രണ്ടോ മൂന്നോ തവണ ഈ മാർഗം പരീക്ഷിക്കാം. ചുണ്ടിലെ കറുപ്പ് വളരെ വേഗത്തിൽ മാറാൻ ഇത് സഹായിക്കും.

3. വെള്ളരിക്ക ജ്യൂസ്, തേൻ

ഒരു ടീസ്‌പൂൺ വെള്ളരിക്ക ജ്യൂസും ഒരു ടീസ്‌പൂൺ തേനും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ചുണ്ടിനെ മൃദുവാക്കി കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും.