school

കേരളത്തിന്റെ കായിക മുന്നേറ്റത്തിന്റെ അടിത്തറയാണ് സ്കൂൾ കായികമേളകൾ. പി.ടി ഉഷയും ഷൈനി വിൽസനും മുതലുള്ള കായിക പ്രതിഭകൾ ഉയർന്നുവന്നത് സ്കൂൾ മീറ്റുകളിലൂടെയാണ്. വിദ്യാർത്ഥികളുടെയും കായികാദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഓരോ സ്കൂൾ കായികമേളയും നാടിന്റെ ഉത്സവമായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ഒളിമ്പിക്സ് മാതൃകയിൽ വിവിധ മത്സരങ്ങൾക്ക് ഒരേ സ്ഥലത്ത് വേദിയൊരുക്കി, ഭിന്നശേഷി കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സ്കൂൾ കായിക മേള നടന്നത്. അതിന്റെ രണ്ടാം പതിപ്പിന് ഈമാസം 21ന് തലസ്ഥാന നഗരിയിൽ കൊടിയേറാനിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും മേളകൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉപജില്ലാ മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പലയിടത്തുനിന്നും പരാതികൾ ഉയരുകയാണ്.

തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാത്തതിലുള്ള പ്രതിഷേധവുമായി കായികാദ്ധ്യാപകർ മത്സരനടത്തിപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് മേളകൾ അലങ്കോലപ്പെടാനുള്ള കാരണം. തൃശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ വിവിധ ഉപജില്ലാ കായിക മേളകൾ സമയത്ത് തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിഞ്ഞില്ല. ചിലയിടത്ത് മാറ്റിവയ്ക്കേണ്ടിവന്നു. മത്സരനിയമങ്ങൾ അറിയാത്ത മറ്റ് അദ്ധ്യാപകരെക്കൊണ്ട് മത്സരങ്ങൾ നടത്തിച്ചത് പലയിടത്തും തർക്കങ്ങൾക്ക് വഴിവച്ചു. മലപ്പുറത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള സംഘർഷത്തിൽ ഒരദ്ധ്യാപകന് പരിക്കേറ്റു. ഉപജില്ലാ തലത്തിൽത്തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് ജില്ലാതല മത്സരങ്ങളെയും സംസ്ഥാന മേളയെയും സാരമായി ബാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. തങ്ങളുടെ തൊഴിൽ സംരക്ഷണവും ശമ്പള വിവേചനം അവസാനിപ്പിക്കലും ആവശ്യപ്പെട്ടാണ് കായിക അദ്ധ്യാപകർ മേളകളോട് മുഖംതിരിച്ചുനിൽക്കുന്നത്.

സ്കൂളിലെ കായിക പരിശീലനവും കുട്ടികളെ മത്സരങ്ങൾക്ക് എത്തിക്കുന്നതും ഉൾപ്പടെയുള്ള ജോലികൾ ചെയ്യുമെങ്കിലും കായികമേളകൾ നടത്താൻ തയ്യാറാകില്ലെന്നാണ് സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നിലപാട്. തസ്തിക സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പടെ സമരത്തിലായിരുന്നു,​ കായികാദ്ധ്യാപകർ. യു.പി സ്കൂളുകളിൽ 500 കുട്ടികൾ ഉണ്ടെങ്കിലേ സ്പെഷ്യലിസ്റ്റ് അദ്ധ്യാപക തസ്തിക അനുവദിക്കൂ എന്ന നിയമം 2017-ൽ കായികാദ്ധ്യാപകരുടെ സമരത്തെ തുടർന്ന് 1:300 ആക്കിയിരുന്നു. എന്നാൽ 2023-ൽ ഇത് വീണ്ടും 1:500 ആക്കിയതോടെ നിരവധി അദ്ധ്യാപകർക്ക് ജോലി നഷ്ടമായി. ഇത് നേരത്തേയുണ്ടായിരുന്ന രീതിയിൽ പുന:സ്ഥാപിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചർച്ചകളിൽ ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായെങ്കിലും ഉത്തരവ് വന്നത് 2025-26 അദ്ധ്യയനവർഷത്തിലേക്കു

മാത്രമാണ്. ഇതോടെ 2023 മുതൽ ജോലി നഷ്ടപ്പെട്ടവർ പുറത്തുതന്നെയായി. ഇവരിൽ പലരും നിത്യവൃത്തിക്കായി ഓട്ടോ ഓടിക്കാനും കൂലിപ്പണിക്കും പോവുകയാണ്. ഇങ്ങനെ പുറത്തുനിൽക്കുന്നവരെക്കൂടി സർവീസിലേക്ക് തിരിച്ചുകൊണ്ടുവരുന്ന രീതിയിൽ ഉത്തരവിന് 2023 മുതൽ മുൻകാല പ്രാബല്യം വേണമെന്നാണ് സംഘടനയുടെ ആവശ്യം.

കായിക വിദ്യാഭ്യാസത്തിന്റെയും കായിക പങ്കാളിത്തത്തിന്റെയും ആവശ്യകത ഏറ്റവും കൂടുതലുള്ള സമയമാണിത്. മയക്കുമരുന്നിന്റെയും മറ്റും ദൂഷിതവലയങ്ങളിൽ പെട്ടുപോകുന്ന പുതിയ തലമുറയെ നേർവഴിക്കു കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്പോർട്സ്. കുട്ടികളുടെ എണ്ണം നോക്കാതെ ഓരോ സ്കൂളിലും കായികാദ്ധ്യാപകരെ നിയമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ എൽ.പി തലത്തിലും ഹയർസെക്കൻഡറി തലത്തിലും കായികാദ്ധ്യാപക പോസ്റ്റുകളില്ല. യു.പിയിലും ഹൈസ്കൂളുകളിലുമാണ് ആകെയുള്ളത്. ഇവർക്ക് എൽ.പി അദ്ധ്യാപകന്റെ ശമ്പളവും ഹയർസെക്കൻഡറി വരെയുള്ള കുട്ടികളുടെ കായിക പ്രവർത്തനത്തിന്റെയും സ്കൂൾ അച്ചടക്കത്തിന്റെ മൊത്തം ചുമതലയും! കേരളത്തിലെ ഏറ്റവും മികച്ച കായിക സംഘാടകരിലൊരാളായ വിദ്യാഭ്യാസ മന്ത്രി കായിക മേഖലയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ നമുക്ക് സ്കൂൾ കായികമേളകൾ നടത്തേണ്ടതുണ്ട്.